രണ്ടു മൂന്നു ഫേ്സ് ബുക്ക് പോസ്ററുകളാണ് സിപിഎമ്മിന്റെ പുതിയ നേതൃത്വത്തിന്റെ പുതുമോടിയുടെ തിളക്കം കുറയ്ക്കുന്നത്. വീണാ ജോര്‍ജ്ജിനോട് പരിഭവിച്ച് സമ്മേളന നഗരി ഉപേക്ഷിച്ച് ഊണു പോലും കഴിക്കാതെ ഇറങ്ങിപ്പോന്ന പത്തനംതിട്ട ജില്ലാ സെക്രട്ടറിയറ്റ് അംഗം എ പത്മകുമാറാണ് അതു തുടങ്ങിവച്ചത്. ചതിവ്, വഞ്ചന, അവഹേളനം 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍സലാം എന്നാണ് പത്മകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. അതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് രണ്ടു പോസ്റ്റുകള്‍ കൂടി പുറത്തു വന്നു. പി ജയരാജന്റെ മകന്റെ വാട്സ് ആപ്പ് സ്റ്റാറ്റസും സിപിഎം നേതാവ് എന്‍ സുകന്യയുടെ എഫ് ബി പോസ്റ്റും. ഇതു രണ്ടും സിപിഎമ്മിന്റെ പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിന് എതിരേയുള്ള ഒളിയമ്പുകളാണെന്നാണ് വിലയിരുത്തല്‍
ഒക്കച്ചങ്ങായി എന്ന പദത്തിന്റെ രാഷ്ട്രീയം പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. സിപിഎമ്മിന്റെ സംസ്ഥാന സമിതി തെരഞ്ഞെടുപ്പിലെ അപാകതകള്‍ പറഞ്ഞ് പാര്‍ട്ടി നേതാക്കള്‍ ഒളിയുദ്ധം തുടരുമ്പോള്‍ സംസ്ഥാന സമിതിയിലെത്താനുള്ള യോഗ്യത ഒക്കച്ചങ്ങായി സ്ഥാനമായിരുന്നോ എന്ന സംശയമാണ് ഉണ്ടാകുന്നത്.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ‘ എന്ന എം സ്വരാജിന്റെ വാചകമാണ് പി ജയരാജന്റെ മകന് ജയിന് രാജ് വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ആക്കിയത്. സിപിഎമ്മിന്റെ സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള കമ്മിറ്റിയില്‍ ഒഴിവാക്കപ്പെട്ടവരില്‍ പി ജയരാജനും ഉള്‍പ്പെടുന്നതാണ് ഈ സ്റ്റാറ്റസിന്റെ രാഷ്ട്രീയം. അതേസമയം, കണ്ണൂരിലെ മുതിര്‍ന്ന നേതാവ് എന്‍ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ സഖാവാണ് എന്ന വാചകമാണ് സുകന്യ പങ്കുവെച്ചത്. എന്നാല്‍, തനിക്കൊരു അതൃപ്തിയും ഇല്ലെന്നും ദുര്‍വ്യാഖ്യാനം വേണ്ടെന്നുമാണ് സുകന്യ ഈ വിഷയത്തില്‍ പ്രതികരിച്ചത്.
പാര്‍ട്ടിയുടെ നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് എ പത്മകുമാര്‍. അത് എന്നായിരിക്കും എന്നു മാത്രമാണ് അറിയേണ്ടത്. അരനൂറ്റാണ്ടിലേറെ പ്രവര്‍ത്തനപരിചയത്തെ ഒമ്പതു വര്‍ഷം മുമ്പ് പാര്‍ട്ടിയിലെത്തിയ ആള് മറികടന്നു എന്നാണ് പത്മകുമാറിന്റെ ആരോപണം. അതിലുപരി പാര്‍ട്ടി സംവിധാനത്തില്‍ നിലനില്‍ക്കുന്ന സ്വജനപക്ഷപാതത്തിന്റയും വിഭാഗീയതയിലേയ്ക്കുമാണ് ഈ വിഷയം വിരല്‍ ചൂണ്ടുന്നത്
പിണറായിയുടെ ഗുഡ് ലിസ്റ്റില്‍ പേരില്ല എന്നതാണ് പി ജയരാജന്റെ അയോഗ്യത. കണ്ണൂരിലെ പിജെ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളും ജയരാജന്റെ ഹീറോപരിവേഷവും പാര്‍ട്ടി വിലയിരുത്തിയത് സ്വത്വവല്ക്കരണമായാണ്. അതേസമയം ഇതൊക്കെ തന്നെ പിണറായി സ്വന്തമായി നടത്തുകയും ചെയ്യുന്ന അസ്വാഭാവിക സാഹചര്യമുണ്ട് സിപിഎമ്മില്‍. ഇതിനെ ചോദ്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ ധൈര്യമുള്ളവര്‍ ആരുമില്ല. അതുകൊണ്ടു തന്നെ പി ജയരാജനെ പാര്‍ട്ടി ഒതുക്കിക്കൂട്ടി മൂലയ്ക്കു തട്ടിയ നിലയിലാണ് . പ്രായപരിധി നിബന്ധന തുടര്‍ന്നാല്‍ അടുത്ത സമ്മേളനത്തില്‍ സംസ്ഥാന സമിതിയില്‍ നിന്നും ജയരാജന് ഒഴിവാകേണ്ടിവരും. കണ്ണൂരിലെ പാര്‍ട്ടിയുടെ എല്ലാമായിരുന്നിട്ടും 27 വര്‍ഷമായി സംസ്ഥാന കമ്മിറ്റിയിലുളള ജയരാജന് അതേ ഘടകത്തില്‍ തന്നെ സംഘടനാ ജീവിതം അവസാനിപ്പിക്കേണ്ടി വന്നേക്കാം. ഈ സാഹചര്യത്തിലാണ് മകന്റെ വികാരവിക്ഷോഭം ഫേസ്ബുക്ക്സ്റ്റാറ്റസായി പുറത്തു വന്നത്
കണ്ണൂരിലെ മുതിര്‍ന്ന മഹിളാ നേതാവ് എന്‍ സുകന്യയുടെ ഫേസ്ബുക്ക് പോസ്റ്റും വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ‘ഓരോ അനീതിയിലും നീ കോപത്താല്‍ വിറയ്ക്കുന്നുണ്ടെങ്കില്‍ നീ എന്റെ സഖാവാണ്’ എന്ന ചെഗുവേരയുടെ വാ്ക്യമാണ് സുകന്യ പങ്കുവെച്ചത്. എന്നാല്‍, തനിക്കൊരു അതൃപ്തിയും ഇല്ലെന്നും ദുര്‍വ്യാഖ്യാനം വേണ്ടെന്നുമാണ് സുകന്യ ഈ വിഷയത്തില്‍ പ്രതികരിച്ചത്. എസ് എഫ് ഐയുടെ തിളങ്ങുന്ന നേതാവായിരുന്ന സുകന്യ ഇടക്കാലത്ത് സജീവ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയിരുന്നു. തളിപ്പറമ്പ് എം.എല്‍.എയായ ജയിംസ് മാത്യുവിന്റെ ജീവിത പങ്കാളി കൂടിയായ സുകന്യ അധ്യാപികയായി ജോലി ലഭിച്ചതിനെ തുടര്‍ന്ന് സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അധ്യാപക ജോലിയില്‍ നിന്നും വി.ആര്.എസെടുത്ത് മുഴുവന്‍ സമയ രാഷ്ട്രിയ പ്രവര്‍ത്തകയായി മാറിയിരുന്നു സുകന്യ. ജനാധിപത്യ മഹിളാ അസോസിയേഷന് കേന്ദ്ര കമ്മിറ്റിയംഗവും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗവുമാണ് സുകന്യ.സിപിഎം സംസ്ഥാന നേതൃത്വത്തില്‍ എത്തുമെന്ന പ്രതീക്ഷിച്ചിരുന്ന വനിതാ നേതാവു കൂടിയാണ് സുകന്യ. എന്നാല്‍, ജോണ്‍ ബ്രിട്ടാസ്, വി.കെ.സനോജ്, ബിജു കണ്ടക്കൈ, എം.പ്രകാശന് എന്നിവരാണ് കണ്ണൂരില്‍നിന്ന് പുതുതായി സി.പി.എം. സംസ്ഥാന സമിതിയിലെത്തിയത്.
തൃശ്ശൂരിലെ മുതിര്‍ന്ന നേതാവ് യു.പി. ജോസഫിനൊപ്പമുള്ള ചിത്രവും സുകന്യ ഫേയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ജോസഫിന് ജന്മദിനാശംസ നേര്‍ന്നുകൊണ്ടായിരുന്നു പോസ്റ്റ്. തൃശ്ശൂരില്‍നിന്ന് സംസ്ഥാന സമിതിയിലേയ്ക്ക് എത്തിയേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു യു.പി. ജോസഫും. എന്നാല്‍, മന്ത്രി ആര്. ബിന്ദുവിനെയാണ് തൃശ്ശൂരില്‍നിന്ന് സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, തന്റെ ഫെയ്സ്ബുക്ക് കുറിപ്പിന് മറ്റുവ്യാഖ്യാനങ്ങളൊന്നും ഇല്ലെന്നായിരുന്നു എന്‍.സുകന്യയുടെ പ്രതികരണം. ചിത്രത്തിനൊപ്പം ചെഗുവേരയുടെ വാക്കുകളും എഴുതിയന്നേയുള്ളൂവെന്നും അവര്‍ പ്രതികരിച്ചു.
ഇതോടൊപ്പം ജെ മേഴ്സിക്കുട്ടിയമ്മയെ തഴഞ്ഞതിലും സിപിഎമ്മില്‍ അമര്‍ഷം പുകയുന്നുണ്ട്