നാളെ നിയമസഭ സമ്മേളനം പുനരാരംഭിക്കുകയാണ്. കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുന്ന സമരം നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്നതോടെ ശക്തമാകുമെന്ന് ഉറപ്പാണ്. 21ആം ദിനത്തിലേക്ക് കടന്ന ആശമാരുടെ സമരത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കിയില്ല എന്ന് മാത്രമല്ല, പോലീസിനെ ഉപയോഗിച്ച് നിഷ്‌കരുണം അവരെ ഒഴിപ്പിക്കാനും ശ്രമം തുടരുകയാണ്. അതിനാല്‍, ഈ വിഷയങ്ങള്‍ എല്ലാം തന്നെ നാളെ സഭയില്‍ പ്രതിപക്ഷം കൊണ്ടു വരും. സമ്മേളനം പുനരാരംഭിക്കുന്ന നാളെ നിയമസഭാ മാര്‍ച്ച് നടത്തുമെന്നു സമരസമിതി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസം സഭയില്‍ പ്രതിപക്ഷം അടിയന്തരപ്രമേയം അവതരിപ്പിക്കും.
ആശാ വര്‍ക്കര്‍മാരുടെ സമരം തകര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ പഠിച്ചപണി പതിനെട്ടും നോക്കുകയാണ്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ബദല്‍ മാര്‍ഗ്ഗം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ 525 പേര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചെന്ന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇന്നലെ രാത്രി പറഞ്ഞിരുന്നു. എന്നാല്‍ വീര്യമൊട്ടും കുറയാതെ 21ആം ദിവസവും സെക്രട്ടറിയേറ്റ് പടിക്കല്‍ തുടരുകയാണ് നൂറുകണക്കിന് വരുന്ന ആശമാര്‍. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ആശമാരുടെ സമരപ്പന്തലിലെ ടാര്‍പോളിന്‍ അഴിച്ചുമാറ്റിയതായി പരാതി. പൊലീസ് എത്തി ടാര്‍പൊളിന്‍ അഴിച്ചുമാറ്റിയെന്നാണ് പരാതി. ഇന്നു പുലര്‍ച്ചെ 3:00 മണിക്ക് മഴപെയ്യുമ്പോള്‍ ആണ് ടാര്‍പൊളിന്‍ അഴിച്ചുമാറ്റിയതെന്നാണ് ആരോപണം.
അതെ സമയം ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി രംഗത്തെത്തി. കേരള സര്‍ക്കാര്‍ ആശമാരെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നുവെന്നും അടുത്ത വര്‍ഷം യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ വേതനം വര്‍ധിപ്പിക്കുമെന്നും പ്രിയങ്ക എക്സില്‍ കുറിച്ചു. സംസ്ഥാനത്ത് തുച്ഛമായ ഓണറേറിയമായ 7000 രൂപയാണ് ആശമാര്‍ക്ക് നല്‍കുന്നത്. ഇത് കര്‍ണാടകയിലും തെലങ്കാനയിലും ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്. പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്ന് ആശ വര്‍ക്കര്‍മാര്‍ ആണ്. കോവിഡ് സമയത്ത് മുന്‍നിരയില്‍ ജീവന്‍ പണയപ്പെടുത്തി പോരാടി. ആരോഗ്യ സംരക്ഷണം ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരില്‍ പോലും എത്തുന്നുവെന്ന് ഉറപ്പാക്കി. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആശമാര്‍ക്ക് അര്‍ഹിക്കുന്ന ആദരവും അംഗീകാരവും ഉറപ്പാക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി