മണിപ്പൂരില്‍ ഉരുക്കു മുഷ്ടിയുമായി കേന്ദ്രം; എതിര്‍പ്പുകളെ അടിച്ചമര്‍ത്തും

Jaihind News Bureau
Saturday, March 1, 2025

മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷം ആദ്യ അവലോകന യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ സുരക്ഷാ സ്ഥിതിഗതികളുടെ അവലോകനമാണ് നടന്നത്. മാര്‍ച്ച് 8 മുതല്‍ മണിപ്പൂരിലെ എല്ലാ റോഡുകളിലും ആളുകളുടെ സ്വതന്ത്രമായ സഞ്ചാരം ഉറപ്പാക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹം ഉത്തരവിട്ടു. എതിര്‍പ്പുകളെ അടിച്ചമര്‍ത്താനാണ് നീക്കം. കൂടാതെ അതിര്‍ത്തി സുരക്ഷ വര്‍ദ്ധിപ്പിക്കാനായി മണിപ്പൂരിന്റെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ വേലി കെട്ടല്‍ ജോലികള്‍ വേഗത്തിലാക്കാനും തീരുമാനമായി.

മണിപ്പൂരിലെ നിലവിലുള്ള പ്രതിസന്ധി മാറ്റാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല സുരക്ഷാ അവലോകന യോഗത്തില്‍ എടുത്ത തീരുമാനങ്ങളെ മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെയ്ഷാം മേഘചന്ദ്ര സിംഗ് സ്വാഗതം ചെയ്തു. മാര്‍ച്ച് 8 മുതല്‍ എല്ലാ റോഡുകളിലും ആളുകളുടെ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കേണ്ടത് വളരെ ആവശ്യമായ നടപടിയാണെന്ന് സിംഗ് സമ്മതിച്ചു. എന്നിരുന്നാലും, ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലിരുന്നപ്പോള്‍ അത്തരം നടപടികള്‍ നേരത്തെ നടപ്പിലാക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇന്തോ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ അതിര്‍ത്തി വേലി കെട്ടുന്ന വിഷയത്തില്‍, മണിപ്പൂരിലെ ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായിരുന്നു ഇതെന്നും അദ്ദേഹം പ്രസ്താവിച്ചു. മണിപ്പൂരിനെ മയക്കുമരുന്ന് രഹിതമാക്കുന്നതിന് മയക്കുമരുന്ന് ശൃംഖലയും പൊളിച്ചുമാറ്റണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹിയിലെ ആഭ്യന്തര മന്ത്രാലയത്തിലാണ് അവലോകന യോഗം നടന്നത്. മണിപ്പൂര്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മണിപ്പൂര്‍ സര്‍ക്കാരിലെ ഉദ്യോഗസ്ഥര്‍, ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

2023 മെയ് മുതല്‍ നീണ്ടുനിന്ന വംശീയ അക്രമത്തെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ സംസ്ഥാനം ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്. 250-ലധികം പേരുടെ ജീവന്‍ ഇതിലൂടെ അപഹരിക്കപ്പെട്ടു. മണിപ്പൂരില്‍ എന്‍ ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരി 13 ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. 2027 വരെ കാലാവധിയുള്ള സംസ്ഥാന നിയമസഭ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.