പിണറായീ നിങ്ങള്‍ എന്താണ് ശരിയാക്കിയത് ? മയക്കുമരുന്നില്‍ മുങ്ങി കേരളം …

Jaihind News Bureau
Wednesday, February 26, 2025

ചെറുപ്പക്കാരുടെ ഹൃദയത്തിലെ അവശേഷിച്ച കാരുണ്യവും ഊറ്റിയെടുത്ത് അവരെ ക്രിമിനല്‍ യന്ത്രങ്ങളാക്കി മാറ്റുകയാണ് മയക്കുമരുന്ന്. മുമ്പു കാണാത്ത അത്രയും ഭീകരമായ അക്രമവാസനകളും, കുറ്റബോധമില്ലാതെ മനുഷ്യരെ കൊന്നു തള്ളുമ്പോഴും ഒരറ്റത്ത് വില്ലനായി നില്‍ക്കുന്നുണ്ട് ലഹരി ഉപഭോഗം. എന്നാല്‍ ലഹരി മുക്ത കേരളത്തിന് വേണ്ടി ഇടത് സര്‍ക്കാര്‍ എന്ത് ചെയ്യുന്നു എന്നതാണ് പ്രധാനം. 2017 മുതല്‍ കേരളത്തിലെ കൊലപാതകങ്ങളുടെ കണക്കുകള്‍ എടുത്താല്‍ അത് മറ്റ് എന്തിനേക്കാളും കൂടുതലാണ്. എന്നാല്‍, ഈ റെക്കോർഡ് നേടിയത് പിണറായിയുടെ ഭരണമാണ് എന്നുള്ള ഞെട്ടിപ്പിക്കുന്ന സത്യവും ഒപ്പം പറയേണ്ടി വരും.

2022 ലാണ് കൂടുതല്‍ കൊലപാതകങ്ങള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2025 വർഷത്തിലേക്ക് കടന്നിട്ട് വെറും രണ്ട് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോള്‍ പുറത്തു വരുന്ന വാർത്തകള്‍ പ്രകാരം ഇനിയുള്ള 10 മാസം കൊണ്ട് ക്രൈം റേറ്റ്സില്‍ കേരളം ഇനിയും ഉയരാനും സാധ്യത ഏറെയാണ്. ഈ റെക്കൊർഡുകളൊന്നും കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ് ബിസിനസുകളുടേതല്ല, കേരള സര്‍ക്കാരിന്‍റെ വിശാലമനസ്‌കത കൊണ്ട് ഉണ്ടായ പുതിയ ബിസിനസ് സംരഭങ്ങളുമല്ല, പിന്നെയോ കഴിഞ്ഞ 8 വര്‍ഷങ്ങളില്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന, ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ സംഭവിച്ച കൊലപാതകങ്ങളുടെ നീണ്ട ലിസ്റ്റാണ്. ഈ നാടിനൊരു കപ്പിത്താനും, നായകനുമൊക്കെയുണ്ടെന്ന് അവകാശപ്പെടുമ്പോഴും, ഈ നാടിനൊരു ആഭ്യന്തര മന്ത്രിയുണ്ടോ എന്നതാണ് ചോദ്യം. ഓരോ കൊലപാതകത്തിനു പിന്നാലെയും ഇനി ഇത്തരത്തില്‍ ക്രൂരമായ കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലുണ്ടാവരുതെന്ന് ഓരോരുത്തരും ആഗ്രഹിക്കും. പക്ഷേ, ലഹരിയും പണത്തിനോടുള്ള ആര്‍ത്തിയുമെല്ലാം വീണ്ടും ആളുകളെ കൊലപാതകങ്ങളിലേക്കു തള്ളിവിടുകയാണ്. എന്തു കൊണ്ടാണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ തടയാനാകാതെ പെരുകുന്നത് എന്തു കൊണ്ടാണ് കേരളത്തില്‍ ലഹരി ഉപയോഗം തടയാനാകാതെ പോകുന്നത് ഉത്തരം പറയേണ്ടതും നല്‍കേണ്ടതും ആഭ്യന്തര വകുപ്പും പൊലീസും തന്നെയാണ്. നെന്മാറയിലൊരു ചെന്താമര.. ജാമ്യത്തിലിറങ്ങിയ ചെന്താമര തങ്ങള്‍ക്ക് ഭീഷണിയാണ് എന്ന് ഒരു കൂട്ടര്‍ കരഞ്ഞുപറഞ്ഞിട്ടും കേരള പൊലീസ് എന്താണ് ചെയ്തത് ഒന്നും ചെയ്തില്ല. ഫലമോ രണ്ടുപേരെ നിഷ്ഠൂരം വെട്ടിക്കൊന്നു. എറണാകുളം ജില്ലയില്‍ നിസാരപ്രശ്നത്തിന് അയല്‍ വീട്ടിലെ മൂന്നു പേരെ കൊലപ്പെടുത്തിയ ഋതു ജയന്‍ എന്ന കുറ്റവാളിക്ക് പ്രായം 25. ലഹരിക്കടിമയായ, കുറ്റകൃത്യമനോഭാവമുള്ള ഇയാളെ കുറിച്ച് മറ്റാര്‍ക്കും അറിയില്ലെങ്കിലും കേരള പൊലീസ് അറിയണമായിരുന്നു. എന്നിട്ട് അറിഞ്ഞില്ലെന്ന് മാത്രമല്ല, കൊന്നതില്‍ ഒരു പശ്ചാത്താപവുമില്ലെന്ന് ആ കൊടുംക്രിമിനലിന്‍റെ മൊഴി രേഖപ്പെടുത്താനേ സാധിച്ചതുമുള്ളു. ഏറ്റവുമൊടുവിലിതാ ലഹരിക്കടിമയായ അഫാനെന്നൊരു നരാധമന്‍ അഞ്ചുപേരെ കൊന്നാടുക്കിയിരിക്കുന്നു. ഒറ്റപ്പെട്ട സംഭവം, ലഹരിക്കെതിരെ പ്രചരണം ശക്തമാണ് എന്നൊന്നും പറയാനുള്ള അര്‍ഹത് കേരളം ഭരിക്കുന്ന സര്‍ക്കാരിനോ ആഭ്യന്തര വകുപ്പിനോ ഇല്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാരണം കോടികള്‍ പൊടിച്ചു കഴിഞ്ഞു.

ലഹരിമുക്തകേരളം എന്ന പേരില്‍ മദ്യമൊഴുക്കാന്‍ ബ്രൂവറിയുമായി മുന്നോട്ട് പോകുന്നതും അതേ സര്‍ക്കാര്‍ തന്നെ. കേരളം നമ്പര്‍ 1 തന്നെയാണ്, വ്യവസായ സൗഹൃദമാണ്.പക്ഷേ വ്യവസായം- കൊല്ലും, കൊലയും എന്നുമാത്രം.വ്യവസായ പ്രമുഖരോ ചെന്താമര, ഋതു ജയന്‍, യുവ സംരംഭകരായ ഗ്രീഷ്മ, അഫാന്‍ തുടങ്ങിയവരും. ഇവര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്  വ്യവസായ സംരംഭത്തിന് കേരളമാണ് ബെസ്റ്റെന്ന്.