അടിച്ചാല്‍ തിരിച്ചടിക്കും; മുന്നറിയിപ്പുമായി പി വി അന്‍വര്‍

Jaihind News Bureau
Wednesday, February 26, 2025

ചുങ്കത്തറയില്‍ ഭരണം നഷ്ടപ്പെട്ടതോടെ സമനില നഷ്ടപ്പെട്ട സിപിഎം അണികള്‍ എന്തു ചെയ്യുമെന്ന നിലയിലാണ്. എന്നാല്‍ അടിച്ചാല്‍ തിരിച്ചടിക്കുമെന്ന് പി വി അന്‍വറിന്റെ വിശദീകരണം.ചുങ്കത്തറയില്‍ ചേര്‍ന്ന യോഗത്തിലാണ് അന്‍വര്‍ പൊട്ടിത്തെറിച്ചത്. തന്നെയും യു.ഡി.എഫ്. പ്രവര്‍ത്തകരേയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിനു ശ്രമിക്കുന്ന നേതാക്കളുടെ വീട്ടില്‍ കയറി അടിച്ച് തലപൊട്ടിക്കുമെന്ന് പി വി അന്‍വര്‍ ഇടതു പക്ഷത്തിന് മുന്നറിയിപ്പു നല്‍കി . മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായിക്ക് എതിരെയുളള ജനവിധിയാണ് ചുങ്കത്തറയിലെ ഭരണമാറ്റമെന്ന് പിവി അന്‍വര്‍ പറഞ്ഞു. യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫ് അംഗമായിരുന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നുസൈബ പിന്തുണച്ചതോടെയാണ് ഭരണമാറ്റം ഉറപ്പായത് . ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കായിരുന്നു യു.ഡി.എഫ് വിജയം. പിവി അന്‍വര്‍ പക്ഷത്തെ അംഗമാണ് നുസൈബ. അവിശ്വാസ പ്രമയേം അവതരിപ്പിക്കപ്പെടുമ്പോള്‍ പഞ്ചായത്ത് പരിസരത്ത് പി വി അന്‍വറും എത്തിയിരുന്നു.

ഒരു സമ്മാനം കൂടി കൊടുത്തു, അത്രയേ ഉളളൂ എന്നാണ് വിജയത്തെ കുറിച്ച് പിവി അന്‍വര്‍ പ്രതികരിച്ചത്. ” ഇനിയും സമ്മാനങ്ങള്‍ വരും. ഇനിയും പല പഞ്ചായത്തുകളിലും മാറ്റം വരും. ഇത് ആന്റി-പിണറായിസമാണ്”. ഭരണത്തിന് എതിരെയുളള ജനങ്ങളുടെ വികാരം പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ കാണും എന്നതാണ് സ്ഥിതിയെന്നും പിവി അന്‍വര്‍ പറഞ്ഞു. പിണറായിസത്തിന് എതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായ നസീബ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത് എന്നും പിവി അന്‍വര്‍ പറഞ്ഞു. ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് നിലമ്പൂര്‍ നിയോജക മണ്ഡലം കണ്‍വീനറായ സുധീര്‍ പുന്നപ്പാലയുടെ ഭാര്യയാണ് നുസൈബ സുധീര്‍. കൂടെ നിന്നവര്‍ക്ക് നന്ദി” എന്നാണ് അന്‍വറിന്റെ കുറിപ്പ്

അതേസമയം, പിവി അന്‍വറിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തും പ്രതികരിച്ചിരുന്നു.

പ്രവര്‍ത്തകരെ മദ്യം കൊടുത്ത് വിട്ട നേതാക്കന്മാരോട് ചെറിയ അഭ്യര്‍ത്ഥന പറയുകയാണ്. നിങ്ങള്‍ മദ്യം കൊടുത്തും മയക്കുമരുന്ന് കൊടുത്തും യുഡിഎഫിന്റെ പ്രവര്‍ത്തകരുടേയും എന്റേയും നെഞ്ചത്തേക്ക് പറഞ്ഞുവിട്ടാല്‍ വീട്ടില്‍ കയറി തലപൊട്ടിക്കും. തടിക്ക് ബോധമുണ്ടായിരിക്കണം. അതില്‍ ഒരു തര്‍ക്കവുമില്ല. നിങ്ങള്‍ ആക്രമിച്ച് ഒരുപാട് ആളുകളെ ഇവിടെ കീഴ്‌പ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ തലക്ക് അടിക്കുള്ളൂ. ഇതിന് വേണ്ടി ഇവരെ പറഞ്ഞുവിടുന്ന തലകളുണ്ടല്ലോ, അത്രമാത്രമേ എനിക്ക് സൂചിപ്പിക്കാനൂള്ളൂ. ഒളിച്ച് നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനല്ല ഞാന്‍ പഠിച്ചിട്ടുള്ളത്. മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ തന്നെയാണ് പഠിച്ചിട്ടുള്ളത്’ – പിവി അന്‍വര്‍ പ്രസംഗത്തില്‍ പറഞ്ഞു.