ന്യൂ ഡൽഹി : ആദായ നികുതിയുടെ വരുമാന പരിധി 12 ലക്ഷമായി ഉയര്‍ത്തിയതിലൂടെ മദ്ധ്യവര്‍ഗ്ഗ വിഭാഗത്തിന് ആശ്വാസം നല്കിയതൊഴിച്ചാല് കേന്ദ്ര ബഡ്ജറ്റ് പൊതുവെ നിരാശാജനകമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി പറഞ്ഞു. കാര്‍ഷികോത്പന്നങ്ങളുടെ മിനിമം താങ്ങുവില വര്ദ്ധിപ്പിക്കണമെന്നതുള്പ്പെടെ കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്ക് സഹായകരമായ ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തൊഴിലാളികള്‍, സാധാരണക്കാര്‍ തുടങ്ങിയവരുടെ ജീവിത വരുമാനം വര്‍ദ്ധിപ്പിക്കാനുളള ഒരു നടപടിയും ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ബീഹാര്‍ സംസ്ഥാനത്തിന് നല്കുന്ന അമിത പരിഗണനയും പ്രാധാന്യവും ബജറ്റിന്റെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്നു. അനിയന്ത്രിതമായ വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു നിര്‍ദ്ദേശവും ബഡ്ജറ്റില്‍ ഇല്ല. വയനാട് ദുരിതാശ്വാസ പാക്കേജ് ഉള്‍പ്പെടെ കേരളത്തോട് കനത്ത അവഗണനയാണ് ബജറ്റില്‍ പ്രതിഫലിക്കുന്നത്’ എന്നും എന്‍.കെ. പ്രേമചന്ദ്രന് വിമർശിച്ചു.