ടവർ നിർമ്മാണത്തിന്‍റെ പേരില്‍ അനധികൃതമായി സ്ഥലം കയ്യേറി കെഎസ്ഇബി; വീടിന്‍റെ ചുവരിനോട് ചേർന്ന് 30 അടി താഴ്ചയില്‍ കുഴി, വഴിയും മുറ്റവും നഷ്ടമായി വീട്ടമ്മ

Jaihind Webdesk
Sunday, July 28, 2024

 

ആലപ്പുഴ: ടവർ നിർമ്മാണത്തിന്‍റെ പേരില്‍ കെഎസ്ഇബി സ്ഥലം കയ്യേറിയതായി പരാതി. വിട്ടുകൊടുത്ത സ്ഥലത്തിനു പുറമെ അധികം സ്ഥലം കെഎസ്ഇബി കയ്യേറിയതാതാണ് പരാതിക്ക് കാരണം. നൂറനാട് പടനിലം കൊഴമത്ത് ജംഗ്ഷൻ രോഹിത് ഭവനത്തിൽ ജ്യോതികയുടെ വീടിന്‍റെ മുൻവശം വരെ മണ്ണെടുത്തതോടെ ഇവരുടെ വഴിയും മുറ്റവും വരെ നഷ്ടമായി. അധ്യാപികയായ ജ്യോതിക വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു കെഎസ്ഇബിയുടെ നടപടി.

ഇടപ്പോൺ സബ് സ്റ്റേഷന്‍റെ ശേഷി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി 66 കെവിയിൽ നിന്നും 110 കെവി ആയി ഉയർത്തുന്നതിനു വേണ്ടിയാണ് പ്രദേശത്ത് പുതിയ ടവർ നിർമ്മിക്കുന്നത്. ജൂൺ അവസാനം മുതലാണ് ടവറിന്‍റെ പണി ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായാണ് ജ്യോതിക സ്ഥലം വിട്ടുനല്‍കിയത്. ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ച ജ്യോതിക തനിച്ചാണ് താമസം. സ്വകാര്യ സ്കൂളിലെ അധ്യാപികയായ ജ്യോതിക പകൽ സമയം വീട്ടിൽ ഇല്ലാത്ത തക്കം നോക്കിയാണ് കെഎസ്ഇബി സ്ഥലം കയ്യേറി ആഴത്തില്‍ കുഴി എടുത്തത്. വീട്ടിലേക്ക് ഉള്ള വഴിയും മുറ്റവും കൈയ്യേറി ചുവരു വരെ 30 അടിയോളം ആഴത്തിൽ മണ്ണ് നീക്കിയതോടെ ജ്യോതികയുടെ സഞ്ചാരസ്വാതന്ത്ര്യവും തടസപ്പെട്ടു. വീട്ടിലേക്കുള്ള കയറ്റാന്‍ കഴിയാതായതോടെ അയൽ വീട്ടിലാണ് ഇപ്പോള്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നത്.

വീടിന് സമീപം നേരത്തെ ടവറിന്‍റെ ഒരു തൂണ് മാത്രമായിരുന്നു. പുതിയ ടവർ നിർമ്മാണത്തിന് വേണ്ടി വീടിന് മുന്നിൽ രണ്ടര സെന്‍റില്‍ ഉണ്ടായിരുന്ന  രണ്ടു മുറികട പൊളിച്ചു നീക്കി സ്ഥലം വിട്ടു കൊടുത്തു. സ്ഥലത്തിനും കടമുറിക്കും കൂടി 11 ലക്ഷം രൂപ നൽകാം എന്ന് പറഞ്ഞെങ്കിലും പണം നൽകിയില്ല. എന്നാൽ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞപ്പോൾ കടയുടെ പിന്നിലും വീടിന്‍റെ മുന്നിലുമുള്ള രണ്ടര സെന്‍റ് ഭൂമി കൂടി കയ്യേറുകയായിരുന്നു. മാവേലിക്കര മുനിസിഫ് കോടതി ഇടപെട്ട് 20 വരെ നിർമ്മാണം നിർത്തിവെക്കാന്‍ ഉത്തരവ് നൽകിയിരിക്കുകയാണ്.