ഭീകരർ അതിർത്തി കടന്നതായി വിവരം; ജമ്മു-കശ്മീരിൽ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചു

Jaihind Webdesk
Sunday, July 21, 2024

 

ന്യൂഡൽഹി: തുടർച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ജമ്മു-കശ്മീരിൽ കമാൻഡോകളെ വിന്യസിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. അമ്പതിലേറെ ഭീകരർ അതിർത്തി കടന്നെത്തിയിട്ടുണ്ടെന്നാണ് നിഗമനം.  പാകിസ്താനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്പെഷ്യൽ ഫോഴ്സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മേഖലയില്‍ 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. രാഷ്ട്രീയ റൈഫിൽസിന്‍റെ റോമിയോ, ഡെൽറ്റ യൂണിറ്റുകൾ, 25 ഇൻഫൻട്രി ഡിവിഷൻ തുടങ്ങിയവയ്ക്കു പുറമേയാണ് കമാൻഡോകളെ വിന്യസിക്കുന്നത്. സുരക്ഷ വിലയിരുത്താൻ ഉന്നത കരസേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

മൂന്നു വർഷത്തിനിടെ 51 സൈനികരാണ് ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ചത്. ജൂലൈ 16-ന് ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ 4 സൈനികർ വീരമൃത്യു വരിച്ചിരുന്നു. തുടർച്ചയായുണ്ടായ ഭീകരാക്രമണങ്ങള്‍ കേന്ദ്ര സർക്കാരിന്‍റെ ഗുരുതര വീഴ്ചയെയാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിമർശിച്ചിരുന്നു.