കോടിയേരിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്. മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസ് എന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അതിനുവേണ്ടി ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കോടിയേരിയുടെ പരാമര്‍ശം എന്‍എസ്എസിനെക്കുറിച്ചുള്ള അജ്ഞതമൂലവും ആനുകാലിക സാഹചര്യങ്ങളില്‍ ഉടലെടുത്ത നിരാശ മൂലവുമാണെന്നും വീഴ്ച തിരുത്താനാണ് കോടിയേരി ശ്രമിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് എന്നും എന്‍എസ് എസ് സ്വീകരിച്ചിട്ടുള്ളതെന്നും നിരീശ്വരവാദത്തിന് എതിരാണ് എന്‍എസ് എസ് എന്നും അദ്ദേഹം വ്യക്തമാക്കി.
1957ല്‍ സമുദായാചാര്യനായ മന്നത്ത് പത്മനാഭന് സിപിഎമ്മിന് അഭിമതനായിരുന്നു എന്നാല്‍ 1959ലെ സംഭവ വികാസങ്ങളെത്തുടര്‍ന്ന് മന്നത്ത് പത്മനാഭനെ അനഭിമതനാക്കിയത് ആരാണെന്നും അദ്ദേഹം ചോദിച്ചു. മന്നത്ത് പത്മനാഭനെ നെഞ്ചിലേറ്റി പ്രസ്ഥാനത്തെ നയിക്കുന്ന എന്‍എസ് എസ് നേതൃത്വത്തെ ആക്ഷേപിക്കാന്‍ ശ്രമിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കേണ്ട കാര്യത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും പറ്റിയ വീഴ്ചകള്‍ തിരുത്താനാണ് സ്വയം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ നന്മയ്ക്ക് വേണ്ടി മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി, ഈശ്വരവിശ്വാസം എന്നിവ സംരക്ഷിക്കുക എന്നതാണ് എന്‍എസ്എസ് നിലപാട്. അതിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം അറിയിച്ചു.
എന്‍എസ്എസിനെ ആര്‍എസ്എസ് വിഴുങ്ങുമെന്നും ആർഎസ്എസിന്റെ തൊഴുത്തിൽ കെട്ടാൻ ശ്രമിക്കുന്നുവെന്നും എൻഎസ്എസിന്റെ നടപടി ആത്മഹത്യാപരമാണെന്നും കേരളം സമീപിക്കുന്ന സമീപനമല്ല എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സമുദായാചാര്യനായ മന്നത്ത് പത്മനാഭന്റെ നിരീക്ഷണമെന്താണെന്ന് നിലവിലെ എന്‍എസ്എസ് നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണെന്നും സകല കാര്യങ്ങള്‍ക്കും പ്രതിബന്ധമായി നില്‍ക്കുന്നത് യാഥാസ്ഥിതകത്വമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രതികരണം.