വ്യാജസ്പിരിറ്റിൽ നിറം കലർത്തി വിദേശമദ്യമെന്ന വ്യാജേന വിൽപ്പന നടത്തിയ സംഘത്തിലെ 2 പേർ പിടിയിൽ. സംസ്ഥാനബിവറേജ് കോർപ്പറേഷന്റെ വ്യാജ ഹോളോഗ്രാം മുദ്രയടക്കം പതിച്ചാണ് വ്യാജമദ്യം നിർമ്മിച്ച് വിറ്റത്. മാഫിയക്ക് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി.
കായംകുളം മാവേലിക്കര മേഖലകളിൽ വ്യാപകമായി വ്യാജ വിദേശ മദ്യം നിർമിച്ചു വിൽപ്പന നടത്തുന്നതായി കരുനാഗപ്പള്ളി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 2 പേർ പിടിയിലായത്. മാവേലിക്കര സ്വദേശി മണിക്കുട്ടൻ എന്ന് വിളിക്കുന്ന മനുകുമാർ മുക്കട സ്വദേശി ലിബിൻ എന്നിവരെയാണ് ചങ്ങൻ കുളങ്ങരക്കു കിഴക്ക് റെയിൽവേ ഗേറ്റിനുസമിപത്തു നിന്നും എക്സൈസ് പിടികൂടിയത്. ഓട്ടോ റിക്ഷയിലും സ്കൂട്ടറിലുംആയി കടത്തി കൊണ്ട് വന്ന 59 ലിറ്റർ വ്യാജ വിദേശ മദ്യവും ഇവരിൽ നിന്നും പിടിച്ചെടുത്തു.കരുനാഗപ്പള്ളി എക്സ്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിനു ലഭിച്ചതിനെ തുടർന്ന് നടത്തിയ രഹസ്യ ഓപ്പറേനിലാണ് സംഘം പിടിയിലായത്.
ചെറുകിട കച്ചവടക്കാരിൽ നിന്ന് പ്രത്യക ഇനം മദ്യത്തിന്റെ കാലി കുപ്പികൾ വൻ തോതിൽ ശേഖരിച്ചശേഷമാണ് സ്പിരിറ്റിൽ കളർ ചേർത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച ബോട്ടിലിംഗ് യൂണിറ്റിലൂടെ മദ്യം നിർമ്മിച്ച് സംഘം വിൽപ്പന നടത്തിയിരുന്നത്. കുപ്പികളിൽ വ്യാജ ഹോള്ളോഗ്രാം സ്റ്റിക്കർ പതിച്ചായിരുന്നു വില്പന.
സംസ്ഥാന ബിവറേജസ് കോർപ്പറേഷന്‍റെ ഔട്‌ലെറ്റുകളിൽ 500 രൂപയ്ക്ക് വിറ്റിരുന്ന പ്രത്യേക ഇനം മദ്യത്തിന്‍റെ വ്യാജൻ, ലിറ്ററിനു 380രൂപ നിരക്കിലായിരുന്നു വില്പന. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും കായംകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘതലവന്റെ നേതൃത്വത്തിലാണ് വ്യാജ വിദേശ മദ്യ നിർമാണം നടക്കുന്നതെന്നും തെളിഞ്ഞു.
വ്യാജ വിദേശ മദ്യ നിർമാണ യൂണിറ്റിനെയും ക്വട്ടേഷൻ സംഘ തലവനെപറ്റിയുമുള്ള സൂചനയും എക്സ്സൈസിനു ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു എക്സൈസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജർ ആക്കി റിമാന്റ് ചെയ്തു.