ബന്ധു നിയമന വിവാദങ്ങൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാക്കാനൊരുങ്ങി യൂത്ത് കോൺഗ്രസ്. ഇതിന്റെ ഭാഗമായി മന്ത്രി കെ ടി ജലീലിന്റെ വസതിയിലേക്ക് മാർച്ച് നടത്തും. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കന്യാകുമാരിയിൽ നിന്നും കാശ്മീരിലേക്ക് മാർച്ച് സംഘടിപ്പിക്കും.
സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. മന്ത്രി മാരുടെ ബന്ധുനിയമങ്ങൾ എല്ലാം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണ്. മന്ത്രിമാരായ കെ ടി ജലീലിന്റെയും, ജി സുധാകരന്റെയും, എ കെ ബാലന്റെയും അനധികൃത ബന്ധു നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. കെ ടി ജലീൽ രാജി വെക്കണം എന്നാവശ്യപ്പെട്ട് ഈ മാസം 21 ന് മലപ്പുറത്തെ കെടി ജലീലിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് അറിയിച്ചു.
കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധ സൂചകമായി കന്യാകുമാരിയിൽ നിന്നും കശ്മീരിലേക്ക് യുവക്രാന്തി മാർച്ച് സംഘടിപ്പിക്കും. 17ന് വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന യുവക്രാന്തി മാർച്ച് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് കേശവ് ചന്ദ് യാദവും ഉപാധ്യക്ഷൻ ബി.വി ശ്രീനിവാസും നയിക്കും.