ശബരിമല : സഭാ കവാടത്തിന് മുന്നിൽ പ്രതിപക്ഷ MLAമാരുടെ അനിശ്ചിതകാല സത്യാഗ്രഹം

Jaihind Webdesk
Monday, December 3, 2018

Sabha-UDF-Protest

ശബരിമല വിഷയത്തിൽ തുടർച്ചയായ നാലാം ദിനവും സഭ സ്തംഭിച്ചു. ശബരിമലയിലെ നിരോധനാജ്ഞ, അനാവശ്യ നിയന്ത്രണങ്ങൾ തുടങ്ങിയവ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് വി.എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ.ജയരാജൻ തുടങ്ങിയ പ്രതിപക്ഷ എം.എൽഎമാർ സഭാ കവാടത്തിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.

നാടകീയ രംഗങ്ങളായിരുന്നു നാലാം ദിനത്തിൽ നിയമസഭയിൽ അരങ്ങേറിയത്. ശബരിമല വിഷയത്തിൽ കഴിഞ്ഞ മൂന്ന് ദിവസമായി സഭ പ്രക്ഷുബ്‌ദമായിരുന്നു. ഈ സാഹചര്യത്തിൽ പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കുമെന്നും എന്നാൽ വിഷയത്തിൽ പ്രതിപക്ഷ എംഎൽഎമാർ സഭാ കവാടത്തിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

തുടർന്ന് മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് ശേഷം പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

പ്രതിഷേധം കടുത്തതോടെ സഭാനടപടികൾ പൂർത്തിയാക്കി തുടർച്ചയായ നാലാം ദിനവും പ്രക്ഷുബ്ധമായി സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതേ സമയം ശബരിമലയിലെ നിരോധനാജ്ഞ, അനാവശ്യ നിയന്ത്രണങ്ങൾ തുടങ്ങിയവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വി.എസ് ശിവകുമാർ, പാറക്കൽ അബ്ദുള്ള, എൻ.ജയരാജൻ തുടങ്ങിയ എം.എൽഎമാർ സഭാകവാടത്തിന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു.