ശബരിമലയിൽ യഥാർത്ഥ ഭക്തർക്ക് പോകാൻ കഴിയാത്ത അവസ്ഥയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ. യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ കൊണ്ടാണ് ഭക്തർ ശബരിമലയിലെത്താൻ ഭയക്കുന്നത്. നിരോധനാജ്ഞ പിൻവലിക്കും വരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ നിയമസഭ സ്തംഭിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലകാലത്ത് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാത്ത സർക്കാർ അതിനെതിരെയുള്ള പ്രതിഷേധം ഭയന്നാണ് 144 പ്രഖ്യാപിച്ചത്. ശബരിമലയിൽ ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണ്. സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കുന്നതുവരെ നിയമസഭയ്ക്ക് അകത്തും പുറത്തും യു.ഡി.എഫ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല തുടർസമരങ്ങളുടെ ഭാഗമായി 29ന് വിവിധ കേന്ദ്രങ്ങളിൽ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനവും അടുത്തമാസം അഞ്ചിന് ധർണ്ണയും സംഘടിപ്പിക്കും.
സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയാനന്തര കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ സർക്കാർ പരാജയമാണെന്ന വിലയിരുത്തലാണ് യു.ഡി.എഫ് യോഗത്തിനുള്ളത്. പ്രളയത്തെ കുറിച്ച് പഠിച്ച യു.ഡി.എഫ് ഉപസമിതിയുടെ റിപ്പോർട്ടും ഇത് ശരിവെയ്ക്കുന്നുണ്ട്. സംസ്ഥാനത്തിന് വേണ്ടത്ര പണമനുവദിക്കാത്ത കേന്ദ്ര സർക്കാർ നിലപാട് പ്രതിഷേധാർഹമാണ്. കെ.ടി ജലീലിന്റെ ബന്ധുനിയമന വിവാദത്തിൽ സമരം കൂടുതൽ കടുപ്പിക്കും. മന്ത്രി കെ.ടി ജലീലിനെ നിയമസഭയിലും പ്രതിപക്ഷം ബഹിഷ്കരിക്കും.
ലൈംഗികാരോപണ വിധേയനായ പി.കെ ശശിയെ സംരക്ഷിച്ച മന്ത്രി എ.കെ ബാലൻ നിയമവകുപ്പ് ഒഴിയണം. എ.കെ.ജി സെന്ററിൽ നിന്നുള്ള നിർദ്ദേശമനുസരിച്ചല്ല ബാലൻ പ്രവർത്തിക്കണ്ടേത്. ശശിയുടെ കുറ്റം ലഘുകരിച്ച് മഹത്വവൽകരിക്കാനുള്ള നീക്കമാണ് സി.പി.എം ഇപ്പോൾ നടത്തുന്നത്. കുറ്റവാളിക്ക് എ.കെ.ബാലൻ കൂട്ടു നിൽക്കുകയാണ്. രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് ശശിക്ക് എതിരെ കേസ് എടുക്കണം. സി.പി.എം എം.എൽ.എമാർക്ക് എതിരെ ഉള്ള പരാതികൾ പാർട്ടിയും സർക്കാരും അന്വേഷിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.