ബാലഭാസ്കറിന്‍റെ മരണം: അന്വേഷണം വഴിത്തിരിവിൽ

Jaihind Webdesk
Sunday, November 25, 2018

സംഗീതജ്ഞൻ ബാലഭാസ്കറിന്‍റെ വാഹന അപകടം സംബന്ധിച്ച അന്വേഷണം വഴിത്തിരിവിൽ. അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കർ തന്നെയെന്ന് സാക്ഷിമൊഴികൾ. അപകടസമയത്ത് ഡ്രൈവർ അർജുനാണ് കാർ ഓടിച്ചതെന്ന ഭാര്യ ലക്ഷ്മിയുടെ മൊഴിക്ക് വിരുദ്ധമാണ് സാക്ഷിമൊഴികൾ.

അപകടത്തിന്‍റെ ദുരൂഹത വർധിപ്പിച്ചുകൊണ്ടാണ് പുതിയ മൊഴികൾ പുറത്തു വന്നിരിക്കുന്നത്. അഞ്ചു പേരാണ് ഇത് സംബന്ധിച്ച് പോലീസിന് മൊഴി നൽകിയത്. രക്ഷാപ്രവർത്തകരും സമീപവാസികളുമടക്കം അഞ്ചു പേരാണ് മൊഴി നൽകിയത്. ഡ്രൈവിംഗ് സീറ്റിൽ നിന്നാണ് ബാലഭാസ്കറിനെ പുറത്തെടുത്തതെന്നാണ് ഇവരുടെ മൊഴി. ഇതിൽ അപകടം നടക്കുമ്പോൾ ബാലഭാസ്കറിന്‍റെ കാറിന് തൊട്ടുപിന്നിൽ ഉണ്ടായിരുന്ന ഡ്രൈവറുടെ മൊഴി നിർണായകമാകും. രക്ഷാപ്രവർത്തനത്തിന് എത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെ സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

അതേ സമയം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ അപകടസ്ഥലം സന്ദർശിച്ചു. ഡ്രൈവർ അർജുന്‍റെ മൊഴി വീണ്ടും എടുക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അർജുന്‍റെ പശ്ചാത്തലവും പോലീസ് പ്രത്യേകം പരിശോധിക്കുന്നുണ്ട്. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയിൽ നിന്നും കാര്യങ്ങൾ വീണ്ടും ചോദിച്ചറിയും. ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മി നൽകിയ മൊഴി അപകട സമയത്ത് കാർ ഓടിച്ചിരുന്നത് ഡ്രൈവർ അർജുനാണെന്നായിരുന്നു. എന്നാൽ താനല്ല, ബാലഭാസ്കറാണ് വാഹനം ഓടിച്ചെന്നാണ് അർജുനൻ നൽകിയിരിക്കുന്ന മൊഴി.

മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ബാലഭാസക്കറിന്‍റെ പിതാവ് ഉണ്ണി അപകടത്തെക്കുറിച്ച്  അന്വേഷണം ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും കത്ത് നൽകിയിരുന്നു. തുടർന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. പരാതിയിൽ പരാമർശിക്കുന്ന പാലക്കാട്ടെ ആശുപ്രതി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 25 നാണ് ബാലഭാസ്കറും കുടംബവും സഞ്ചരിച്ചിരുന്ന കാർ  തിരുവനന്തപുരം പള്ളിപ്പുറത്ത്  അപകടത്തിൽ പ്പെട്ടത്. അപകടത്തിൽ ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരിച്ചു. ഭാര്യ ലക്ഷ്മിക്ക് ഗുരതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.