ബാലഭാസ്കറിന്‍റെ അപകട മരണം : കലാഭവൻ സോബിയുടെ മൊഴി രേഖപ്പെടുത്തി

Jaihind Webdesk
Wednesday, June 5, 2019

ബാലഭാസ്കറിന്‍റെ അപകട മരണം സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയുടെ മൊഴി രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് മൊഴി എടുത്തത്. ബാലഭാസ്കറിന്‍റെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബാലഭാസ്കറിന്‍റെ അപകട മരണം സംബന്ധിച്ച് മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് സംഘം സോബിയുടെ മൊഴി എടുത്തത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്താലായിരുന്നു മൊഴിയെടുക്കൽ . മുൻപ് പറഞ്ഞ കാര്യങ്ങളേക്കാൾ കൂടുതൽ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നും സത്യം ക്രൈംബ്രാഞ്ച് പുറത്തു കൊണ്ടുവരുമെന്നും സോബി ജോർജ് പറഞ്ഞു.

ബാലഭാസ്കറിന്‍റേത് അപകട മരണമല്ലെന്ന് ഉറപ്പാണെന്നും വെളിപ്പെടുത്തൽ നടത്തിയ ശേഷം തനിക്ക് ഭീഷണികളുണ്ടായെന്നും സോബി പറഞ്ഞു.
കഴിഞ്ഞ ദിവസം ബാലഭാസ്കറിന്‍റെ അച്ഛൻ കെ സി ഉണ്ണി, ഭാര്യ ലക്ഷ്മി എന്നിവരുടെ മൊഴിയും ക്രൈംബ്രാഞ്ച് എടുത്തിരുന്നു. ബാലഭാസ്കറിന്‍റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പി, വിഷ്ണു എന്നിവരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി