ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ കേന്ദ്രഗവണ്മെന്റിന്റെ ഇടപെടലില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണ് പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടുമെന്നുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രഖ്യാപനമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം.ഹസ്സന്.
വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധത്തെ വര്‍ഗീയവല്‍ക്കരിച്ചു കൊണ്ടിരുന്ന ബിജെപി ഇപ്പോള്‍ സിപിഎമ്മുമായി രാഷ്ട്രീയ ഏറ്റുമുട്ടലിനുള്ള ഒരു അവസരമായി ഈ പ്രശ്നത്തെ മാറ്റാനുള്ള ശ്രമമാണ് അമിത് ഷാ നടത്തിയിരിക്കുന്നത്.
ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ വലിച്ചുതാഴെയിടുമെന്ന് പറയുന്ന അമിത് ഷാ ജനാധിപത്യത്തിന്റെ ആരാച്ചാരാവുകയാണ്. ശബരിമല ഉള്‍പ്പെടെയുള്ള ജനകീയപ്രശ്നങ്ങളില്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന പിണറായി സര്‍ക്കാരിനെ ജനാധിപത്യ മാര്‍ഗത്തില്‍ത്തന്നെ ജനങ്ങള്‍ പുറത്താക്കും. അതിന് അമിത് ഷായുടെ സഹായം ആവശ്യമില്ലെന്ന് ഹസ്സന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഒരു ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധത്തിന് പരിഹാരമുണ്ടാക്കണമെന്നു പറയാന്‍ മടിയുള്ളതുകൊണ്ടാണ് അമിത് ഷാ പിണറായി സര്‍ക്കാരിനെതിരെ കൊലവിളി നടത്തിയതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്ന് ഹസ്സന് പറഞ്ഞു.