യൂണിവേഴ്സിറ്റി കോളേജ് വധശ്രമ കേസിൽ ഉൾപ്പെട്ട ഒമ്പത് വിദ്യാർത്ഥികളെക്കൂടി കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു. കേസിൽ ഉൾപ്പെട്ട വിദ്യാർഥികളെ കോളേജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം ഉയർന്നതിനു പിന്നാലെയാണ് സസ്പെൻഷൻ. അതേ സമയം കോളേജിനുള്ളിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കോളേജിൽ തുടരേണ്ടെന്ന നിർദേശം ലഭിച്ചു. സർവകലാശാല ഉത്തരക്കടലാസ് പിടിച്ചെടുത്ത കേസിലെ പ്രതി ശിവരഞ്ജിത്തിനെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഖിലിനെ കുത്തിയ ദിവസം കോളേജിൽ നടന്ന സംഘർഷത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷത്തെ തുടർന്ന് നടക്കുന്ന പൊലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നുവെന്നും പ്രതികളെ സംരക്ഷിക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നുവെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾക്കിടെയാണ് 19 പ്രതികളെ സസ്പെൻഡ് ചെയ്തത്. പ്രതികളായ 19 പേരെ തിരിച്ചറിഞ്ഞതായി പോലീസ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ആറ് പേരെ മാത്രമാണ് സസ്പെൻഡ് ചെയ്തത്. കോളേജിന്‍റെ നിസഹകരണം മൂലം ഒളിവിലുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനും പോലീസിന് സാധിച്ചില്ല. ഇക്കാര്യങ്ങളിലെ പോലീസിന്റെ അതൃപ്തിയെ തുടർന്നാണ് ഒമ്പത് പേരെ കൂടി കോളേജ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം പൊലീസ് ക്യാമ്പസ് വിട്ട് പുറത്തു പോകണമെന്ന് കോളേജിലെ എസ്.എഫ്.ഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ക്യാമ്പസിനുള്ളിൽ ഡ്യൂട്ടിയിലുള്ള പോലീസ് തുടരേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചത്. ഇത് പരോക്ഷമായി എസ്.എഫ്.ഐയെ സംരക്ഷിക്കാനുള്ള നീക്കമാണെന്ന് വ്യക്തമാണ്. അതേ സമയം അഖിലിനെ കുത്തിയ ദിവസം കോളേജിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
അഖിലിനെ കുത്തിയതിനു ശേഷവും പ്രതികൾ അക്രമം നടത്തിയതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അതിനിടെ സർവകലാശാല ഉത്തരക്കടലാസ് പിടിച്ചെടുത്ത സംഭവത്തിൽ പ്രതി ശിവരഞ്ജിത്തിനെ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇക്കാര്യത്തിൽ ശിവരഞ്ജിത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.