ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ്; നടത്തിപ്പുകാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേർ പിടിയില്‍

Jaihind News Bureau
Saturday, April 11, 2020

ഇടുക്കി ആനച്ചാലിൽ കൊവിഡിന്‍റെയും ലോക്ക് ഡൗണിന്‍റെ മറവിൽ നടന്ന വൻ ചൂതാട്ട കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു. നടത്തിപ്പുകാരനായ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ ആറ് പേരെ പിടികൂടി. അഞ്ച് വാഹനങ്ങളും 80000 – ൽ പരം രൂപയും പിടികൂടി.

ലോക്ക് ഡൗൺ സമയത്ത് വൻ ചൂതാട്ടകേന്ദ്രം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളത്തൂവൽ പോലീസ് ആനച്ചാലിലെ ചൂതാട്ട കേന്ദ്രം റെയ്ഡ് ചെയ്തത്. ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്ന ആറു പേരെ പോലീസ് പിടികൂടി. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ബാങ്ക് ജീവനക്കാരനും ഉൾപ്പെടെയുള്ളവരാണു് പിടിയിലായത്. ഇവരിൽ നിന്നും 80 740 രൂപയും പിടിച്ചെടുത്തു. ഇവർ വന്ന നാലു കാറും ഒരു ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തു.

മന്ത്രി എം.എം. മണിയുടെ സന്തത സഹചാരിയാണ് പിടിയിലായ ഹോട്ടൽ ഉടമയും സിപിഎം നേതാവുമായ ടി.ആർ. സിജു. ലോക്ക് ഡൗൺ കാലത്ത് ചൂതാട്ട കേന്ദ്രം നടത്തിയ സിജു പിണറായി ഉൾപ്പെടെയുള്ള നേതാക്കളോടൊപ്പം നിൽക്കുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വന്നതിനെ തുടർന്ന് സിജുവിനെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്റെ പേരിൽ പോസ്റ്റർ ഇറക്കിയിട്ടുണ്ട്. സ്റ്റേഷനിൽ എത്തിച്ച പ്രതികളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ജാമ്യക്കാരെ വിളിക്കുവാൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ മന്ത്രി എം.എം മണി തന്നെ ജാമ്യത്തിൽ ഇറക്കുവാൻ വരുമെന്ന് സിജു പോലീസിനോട് പറഞ്ഞതായി പിന്നാമ്പുറ സംസാരവുമുണ്ട്. കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞു.