പ്രകൃതി ദുരന്തങ്ങള്‍ തുടർക്കഥയാകുമ്പോള്‍ പുതിയ 586 ക്വാറികൾക്ക് അംഗീകാരം നൽകി പിണറായി സർക്കാർ

Jaihind Webdesk
Wednesday, October 20, 2021

പ്രളയവും ഉരുൾപൊട്ടലും തുടർക്കഥയാകുമ്പോഴും 586 ക്വാറികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി രാജീവ്. നിയമസഭയിൽ എം നൗഷാദ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സംസ്ഥാനത്ത് അയ്യായിരത്തിലധികം ക്വാറികൾ അനധികൃതമായി പ്രവർത്തിക്കുന്നതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.

പശ്ചിമഘട്ട മലനിരകളടക്കം സ്ഥിതി ചെയ്യുന്ന, 38863 ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തൃതിയുള്ള കേരളത്തിൽ 586 അംഗീകൃത ക്വാറികൾ പ്രവർത്തിക്കുന്നതായാണ് മന്ത്രി പി രാജീവ് വ്യക്തമാക്കിയത്. തുടർച്ചയായ നാല് വർഷവുമുണ്ടായ പ്രളയങ്ങൾ സംസ്ഥാനത്തെ ദുരന്തഭൂമിയാക്കി മാറ്റി. അന്യായ ചൂഷണത്തിനുള്ള പ്രകൃതിയുടെ മറുപടി പാഠങ്ങളായിരുന്നു
പുത്തുമലയും കവളപ്പാറയും പെട്ടിമുടിയും. ഇതും കേരളത്തിന് പാഠമായില്ല എന്ന് തെളിയിക്കുന്നതാണ് വ്യവസായ മന്ത്രിയുടെ നിയമസഭയിലെ മറുപടി.

 

https://youtu.be/Avxoj4C_0MI

കവളപ്പാറ ദുരന്തം സംഭവിച്ച മലപ്പുറം ജില്ലയിലാണ് ഇതിൽ 109 ക്വാറികളും പ്രവർത്തിക്കുന്നത്. പശ്ചിമഘട്ട മലനിരകൾ ഉൾപ്പെടുന്ന കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ 64 ക്വാറികൾ വീതവും എറണാകുളത്ത് 62 ക്വാറികളും ,പാലക്കാട് 61 ക്വാറികളും പ്രവർത്തിക്കുന്നുണ്ട്. തലസ്ഥാനത്ത് 57 ക്വാറികളാണ് അംഗീകൃതമായി പ്രവർത്തിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങൾ ഉൾപ്പെടുന്ന ഇടുക്കിയിൽ 17 അംഗീകൃത ക്വാറികൾ പ്രവർത്തിക്കുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. കൊല്ലം , കോട്ടയം ജില്ലകളിൽ 25 ക്വാറികൾ വീതവും കാസർഗോഡ് 14 ക്വാറികളും ആലപ്പുഴ , വയനാട് 5 വീതവും അംഗീകൃത ക്വാറികളും പ്രവർത്തിക്കുന്നുണ്ട്. അംഗീകൃത ക്വാറികളുടെ എണ്ണം 586ൽ ഒതുങ്ങുമ്പോൾ, അയ്യായിരത്തിലധികം ക്വാറികൾ അനധികൃതമായി സംസ്ഥാനത്തെ പ്രവർത്തിക്കുന്നു എന്നാണു റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.

കവളപ്പാറയും പുത്തുമലയും മറന്നുകൊണ്ട് തലസ്ഥാനത്തടക്കമുള്ള പരിസ്ഥിതി ലോല പ്രദേശങ്ങൾ ക്വാറികൾക്കായി വിട്ട് നൽകുന്ന ഇടതു സർക്കാരിന്‍റെ കാടൻ നയത്തിനെതിരെ പ്രതിഷേധം ഉയർത്തേണ്ടത് നാളത്തെ പരിസ്ഥിതി നിലനിൽപ്പിനെ കൂടി ആവശ്യമാണ്