യു.എ.ഇയില്‍ ഇനി 5 വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ : ഗുണം ലഭിക്കുക ഇന്ത്യക്കാര്‍ക്ക് ; നിരക്ക് പ്രഖ്യാപനം ഉടന്‍

B.S. Shiju
Tuesday, January 7, 2020

ദുബായ് : യുഎഇയില്‍ എല്ലാ രാജ്യക്കാര്‍ക്കും അഞ്ചു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസ നല്‍കാനുള്ള തീരുമാനം, ടൂറിസം -വിനോദ മേഖലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, നിലവില്‍ രാജ്യത്ത് എത്തുന്ന ടൂറിസ്റ്റുകളില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. അതിനാല്‍, പുതിയ നിയമത്തിന്റെ ഗുണം ഏറെയും ലഭിക്കുക, ഇന്ത്യന്‍ സമൂഹത്തിനായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

യുഎഇയില്‍ ടൂറിസ്റ്റ് വീസാ നിയമം കൂടുതല്‍ ഉദാരമാക്കിയ ഈ നടപടി, ടൂറിസം-വിനോദ-വ്യാപാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നാണ് വിലയിരുത്തല്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ട്വിറ്ററിലൂടെ നടത്തിയത്.
2020 ല്‍ ദുബായില്‍ നടക്കുന്ന, വേള്‍ഡ് എക്‌സ്‌പോയ്ക്കു എത്തുന്ന, സന്ദര്‍ശകര്‍ക്ക് ഇത് ഏറെ സൗകര്യപ്രദമാകും. നിലവില്‍, ഒരു മാസം മുതല്‍ 90 ദിവസം വരെയുള്ള ടൂറിസ്റ്റ് വീസകളാണ് നല്‍കി വരുന്നത്. ഇതാണ്, അഞ്ചു വര്‍ഷമാക്കി ഉയര്‍ത്തിയത്. പ്രതിവര്‍ഷം 2.1 കോടി വിനോദ സഞ്ചാരികളെ സ്വീകരിക്കുന്ന രാജ്യമാണു യുഎഇ. ഇപ്രകാരം, ലോകത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രമായി , രാജ്യത്തെ മാറ്റാനും ലക്ഷ്യമിട്ടാണ് ഈ പുതിയ നിയമം.

അതേസമയം, യുഎഇയിലെത്തുന്ന സന്ദര്‍ശകരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതലുള്ള 9 മാസങ്ങളില്‍ ദുബായില്‍ മാത്രം 13.9 ലക്ഷം ഇന്ത്യക്കാര്‍ എത്തി. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബസമേതം എത്തുന്നവരുടെ എണ്ണം 13% കൂടിയെന്നും ദുബായ് ടൂറിസത്തിന്റെ കണക്കില്‍ പറയുന്നു. ഷോപ്പിങ് മേളകള്‍, മറ്റ് ആഘോഷ മേളകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഇന്ത്യയില്‍ നിന്നുള്ള കുറഞ്ഞ ദൂരം, സുരക്ഷിതത്വം, മികച്ച താമസ സൗകര്യങ്ങള്‍ എന്നിവയ്ക്കു പുറമേ ലോകത്തിലെ ഏതു ഭക്ഷണവും കിട്ടുന്ന സ്ഥാപനങ്ങളും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്. അതേസമയം, 5 വര്‍ഷം വരെ, കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വീസയുടെ മറ്റു നിബന്ധനകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരത്തിലുള്ള ടൂറിസ്റ്റ് വീസയുടെ നിരക്കും ഉടന്‍ പ്രഖ്യാപിക്കുമെന്ന് അറിയുന്നു.