ബിജെപി ഭരിക്കുന്ന മുഗു സഹകരണ ബാങ്കില്‍ 5.6 കോടിയുടെ ക്രമക്കേട്; വിജിലന്‍സ് അന്വേഷണം

Jaihind Webdesk
Sunday, July 31, 2022

കാസര്‍ഗോഡ്: ബിജെപി ഭരിക്കുന്ന കാസര്‍ഗോഡ് മുഗു സഹകരണ ബാങ്കിനെതിരെയും തട്ടിപ്പ് ആരോപണം. ബാങ്ക് ഇടപാടുകാരുടെ രേഖകളില്‍ കൃത്രിമം കാണിച്ച് 5.6 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 35 വര്‍ഷമായി മുഗു ബാങ്ക് ഭരിക്കുന്നത് ബിജെപിയാണ്. സംഭവത്തില്‍ വിജിലന്‍സ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

വായ്പ എടുത്ത പലരും തുക തിരിച്ചടയ്ക്കുവാന്‍ എത്തിയപ്പോള്‍ ഭീമമായ തുക തിരിച്ചടയ്ക്കണമെന്ന് അറിയിച്ചതോടെയാണ് സംശയമുണ്ടായത്. ലഭിച്ച വായ്പയേക്കാള്‍ പത്തും ഇരുപതും മടങ്ങ് തുക അടയ്ക്കണമെന്നാണ് ബാങ്ക് അറിയിച്ചത്. തുടർന്ന് വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ നിരവധി പേർക്ക് സമാന അനുഭവം ഉള്ളതായി കണ്ടെത്തി. ഇതോടെയാണ് വായ്പാ തിരിമറി പുറത്തായത്.

വീടിന്‍റെ ആധാരം പണയം വെച്ച്  വെറും 1.5 ലക്ഷം രൂപ ലോണെടുത്തയാളോട് 24 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്നാണ് ബാങ്ക് നിര്‍ദേശിച്ചത്. 13 ലക്ഷം അടച്ചാല്‍ ആധാരം തിരികെ തരാമെന്ന് പറഞ്ഞെങ്കിലും ബാങ്ക് വാക്ക് മാറിയതായും വീണ്ടും 6 ലക്ഷം അടയ്ക്കാന്‍ നിർദേശിച്ചതായും പരാതിക്കാര്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി പേരാണ് പരാതിയുമായി രംഗത്തെത്തിയത്. അതേസമയം തട്ടിപ്പ് നടന്നിട്ടില്ലെന്നാണ് ബാങ്കിന്‍റെ വാദം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിപിഎം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ചര്‍ച്ചയായിരിക്കുന്നതിനിടെയാണ് മറ്റൊരു സഹകരണ തട്ടിപ്പ് കൂടി പുറത്തുവരുന്നത്.