ആരാധകരെ കണ്ണീരിലാഴ്ത്തി കോക്കോ യാത്രയായി.. 46-ആം വയസ്സിൽ

Jaihind News Bureau
Friday, June 22, 2018

കോക്കോ വിടവാങ്ങി. സുഹൃത്തുക്കളോട് സംസാരിക്കാൻ ആംഗ്യഭാഷ ഉപയോഗിച്ച, പൂച്ചക്കുട്ടികളെ ജീവനുതുല്യം സ്‌നേഹിച്ച ഗൊറില്ല, അതാണ് കോക്കോ. ഗൊറില്ല ഫൗണ്ടേഷൻ ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്. ജീവിതത്തിന്റെ ഭൂരിഭാഗം കാലയളവും കോക്കോ ചെലവഴിച്ചത് സാന്താക്രൂസ് മലനിരകളിലുള്ള ഗൊറില്ല ഫൗണ്ടേഷന്റെ വന്യജീവി സങ്കേതത്തിലാണ്.

1971ൽ സാൻ ഫ്രാൻസിസ്‌കോ മൃഗശാലയിലായിരുന്നു കോക്കോയുടെ ജനനം. ജാപ്പനീസ് ഭാഷയിൽ വെടിക്കെട്ട് കുട്ടി (fireworks child) എന്നർത്ഥം വരുന്ന ഹനാബി-കൊ എന്നാണ് കോക്കോയുടെ ഔദ്യോഗിക പേര്. ജനനത്തീയതിയായ ജൂലൈ നാലുമായി ബന്ധപ്പെടുത്തിയാണ് ഇങ്ങനെ ഒരു പേര് കണ്ടെത്തിയത്. വളരെ പെട്ടെന്ന് എല്ലാവരുമായി ഇണങ്ങുന്ന കോക്കോയ്ക്ക് അതിവിശാലമായ സുഹൃത് വലയമാണ് ഉള്ളത്. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ കോക്കോയുടെ ഉറ്റചങ്ങാതിമാരായിരുന്നു.

ഗൊറില്ലകളുടെ അംബാസിഡറായും മറ്റു ജീവജാലങ്ങളുമായുള്ള ആശയവിനിമയത്തിന്റെയും സഹാനുഭൂതിയുടെയും മാതൃകയായും കോക്കോ ജീവിച്ചുകാട്ടിയെന്ന് മരണവാർത്ത പങ്കുവെച്ചുകൊണ്ട് ഗൊറില്ല ഫൗണ്ടേഷൻ പറഞ്ഞു. കോക്കോ പ്രിയപ്പെട്ടവളായിരുന്നും അവളുടെ നഷ്ടം നികത്താനാകില്ലെന്നും ഓർമ്മകളിൽ എന്നും അവളുണ്ടാകുമെന്നും സന്ദേശം പറയുന്നു. 46 ആം വയസ്സിൽ കോക്കോ വിടവാങ്ങുന്നത് ലോകമെമ്പാടുമുള്ള ഒട്ടേറെ മൃഗസ്‌നേഹികളെ ദുഃഖത്തിലാഴ്ത്തിയാണ്.

കോക്കോയ്ക്ക് 12 മാസം പ്രായമുള്ളപ്പോഴാണ് മൃഗങ്ങളുടെ മനശ്ശാസ്ത്രജ്ഞയായ ഫ്രാൻസൈൻ പാറ്റേഴ്‌സണും സംഘവും കോക്കോയെ അമേരിക്കൻ ആംഗ്യ ഭാഷ പഠിപ്പിക്കാൻ തുടങ്ങിയത്. അവൾ വളരെ വേഗത്തിൽ കാര്യങ്ങൾ ഗ്രഹിച്ചുവെന്നും തന്റെ വികാരങ്ങളും ചിന്തകളും പങ്കുവയ്ക്കാനായി ആംഗ്യ ഭാഷ ഉപയോഗിക്കുന്നുവെന്നും കോക്കോയുടെ ട്രെയിനർമാർ അവകാശപ്പെട്ടു. വളരെ ചുരുക്കം കാലയളവിൽ തന്നെ ഏകദേശം 2000ത്തോളം വാക്കുകൾ അവൾ മനസ്സിലാക്കിയിരുന്നുവെന്ന് അവർ രേഖപ്പെടുത്തുന്നു.

എന്നാൽ ചില ഭാഷാപണ്ഡിതന്മാരും ശാസ്ത്രജ്ഞരും ഇതിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. കോക്കോയുടെ അംഗ വിക്ഷേപങ്ങൾ അനിതരസാധാരണമാണെന്ന് സമ്മതിക്കാമെങ്കിലും പരിശീലകരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പെരുമാറുക മാത്രമാണ് കോക്കോ ചെയ്യുന്നതെന്നും ആ അംഗവിക്ഷേപങ്ങളെ ചിലർ ഭാഷയായി ചിത്രീകരിക്കുന്നതാണെന്നും ഇവർ കുറ്റപ്പെടുത്തി.

ഏതായാലും ഒരു കാര്യത്തിൽ എല്ലാവരും യോജിച്ചു ചങ്ങാത്തം കൂടുന്നതിൽ കോക്കോ വ്യത്യസ്തയായിരുന്നു. അംഗവിക്ഷേപങ്ങളുടെ സൗന്ദര്യത്തിലും വൈവിധ്യത്തിലും. മനുഷ്യരുമായി മാത്രമായിരുന്നില്ല കോക്കോയുടെ ചങ്ങാത്തം. മൃഗങ്ങളും കൂട്ടുകാരായിരുന്നു. പ്രത്യേകിച്ച് പൂച്ചകൾ.

പല പൂച്ചക്കുട്ടികളും കോക്കോയുടെ ജീവിതത്തിൽ വന്നു പോയി. സ്വന്തം മക്കളെപ്പോലെയായിരുന്നു കോക്കോ അവരെ പരിപാലിച്ചത്. കോക്കോയും പൂച്ചകളുമായുള്ള ചങ്ങാത്തം പല പുസ്തകങ്ങൾക്കും ഇതിവൃത്തമായി. കോക്കോ ആന്റ് കിറ്റൻസ് എന്ന ബാലസാഹിത്യ കൃതി വളരെ പ്രശസ്തമാണ്. വളർത്തുപൂച്ച വാഹനം തട്ടി മരണമടഞ്ഞ വാർത്ത അറിഞ്ഞ് തേങ്ങുന്ന കോക്കോയുടെ ദൃശ്യങ്ങൾ മറ്റുള്ളവരെയും കണ്ണുനീരണിയിച്ചിരുന്നു.

പല മനുഷ്യർക്കും അവൾ പ്രചോദനമായി. അവളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആംഗ്യ ഭാഷ പഠിച്ചവരും നിരവധി.