യു.പിയിലും ഉത്തരാഖണ്ഡിലും വിഷമദ്യദുരന്തം; 38 മരണം

Jaihind Webdesk
Friday, February 8, 2019

ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ഉണ്ടായ വിഷമദ്യദുരന്തങ്ങളില്‍ 38 പേർ മരിച്ചു. നിരവധി പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ സഹാരൻപൂർ, ഖുശിനഗര്‍ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുമാണ് വിഷമദ്യ ദുരന്തം ഉണ്ടായത്. സഹാരന്‍പൂരില്‍ 16ഉം ഖുശിനഗറില്‍ 10 പേരുമാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ 12 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Hooch Liquor

പ്രതീകാത്മക ചിത്രം

മൂന്ന് ദിവസം മുമ്പാണ് ഖുശിനഗറിലായിരുന്നു ആദ്യ സംഭവം. എന്നാല്‍ ഇന്ന് രാനിലെ സഹാരന്‍പൂരില്‍ ആള്‍ക്കാര്‍ മരിച്ചതോടെയാണ് ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പിന്നാലെയാണ് ഉത്തരാഖണ്ഡിലും ദുരന്തം ഉണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പലരുടെയും നില ഗുരുതരമാണ്. ഉത്തർ പ്രദേശിലെ ഖുശിനഗറിലെ ഉത്സവ ആഘോഷങ്ങള്‍ക്കിടെ പ്രദേശവാസികൾ മദ്യം കഴിച്ചിരുന്നു. ഇതാണ് അപകടത്തിനിരയാക്കിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

സംഭവത്തിൽ ജില്ലാ ഭരണകൂടവും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 12 എക്‌സെസ് ഉദ്വോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. നേരത്തെ ഖുശിനഗറിലെ ദുരന്തത്തില്‍ എക്‌സൈസ് ഇൻസ്‌പെക്ടർ ഉൾപ്പെടെ 9 ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.