ഇടതു സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷം പിന്നിട്ടിട്ടും 1000 ബസുകൾ നിരത്തിലിറക്കുമെന്ന ആദ്യ ബജറ്റ് പ്രഖ്യാപനവും ജലരേഖയായി

Jaihind News Bureau
Thursday, September 5, 2019

ഇടതു സർക്കാർ അധികാരത്തിലെത്തി മൂന്നു വർഷം പിന്നിട്ടിട്ടും ബജറ്റ് പ്രഖ്യാപനങ്ങൾ എല്ലാം പാഴ് വാക്കാവുന്നു. 1000 ബസുകൾ നിരത്തിലിറക്കുമെന്നെ ആദ്യ ബജറ്റ് പ്രഖ്യാപനവും ജലരേഖയായി. മൂന്നര വർഷമായിട്ടും ആകെ നിരത്തിലിറക്കിയത് 101 ബസുകളാണ്. ഏറെ കൊട്ടിഘോഷിച്ച് ഇറക്കിയ ഇലക്ട്രിക്ക് ബസുകളാവട്ടെ കടുത്ത നഷ്ടത്തിലാണ്.

കാലാവധി കഴിഞ്ഞ ബസുകൾക്ക് പകരം പുതിയ ബസുകൾ നിരത്തിലിറക്കുന്നതിനുള്ള സർക്കാരിന്റെ നയ രൂപീകണം വൈകിയതോടെ കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പഴയ ബസുകൾ പിൻവലിച്ച് പുതിയവ നിരത്തിലിറക്കേണ്ടത് ആവശ്യമാണെന്നിരിക്കേയാണ് തീരുമാനം നീണ്ടു പോകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 101 പുതിയ ബസുകൾ മാത്രമാണ് കെഎസ്ആർടിസി പുറത്തിറക്കിയത്. നിലവിൽ 5500 ബസുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. നിരത്തിൽ ഇറക്കുന്ന പുതിയ ബസുകൾ സൂപ്പർ ഡീലക്സ്, ഡീലക്സ് സർവ്വീസുകളായാണ് ആദ്യം കെഎസ്ആർടിസി ഓടിക്കുന്നത്. അഞ്ച് വർഷത്തിന് ശേഷം ഇത് ഫാസ്റ്റായും പിന്നീട് ഓർഡിനറിയായും മാറ്റും. 15 വർഷമാണ് ഒരു ബസിന്റെ കാലവധി. അതേസമയം തിരുവനന്തപുരം- എറണാകുളം റൂട്ടിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇറക്കിയ പത്ത് ഇലക്ട്രിക് ബസുകൾ നഷ്ടത്തിലാണ് സർവീസ് നടത്തുന്നത്.

ഇതോടെ പുതിയ 1500 ഇലക്ട്രിക് ബസുകൾ വാടകയ്ക്ക് എടുക്കാനായി കെഎസ്ആർടിസി വിളിച്ച ടെൻഡർ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്.