ഇന്ത്യ-വിൻഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് പോർട്ട് ഓഫ് സ്പെയിനിൽ നടക്കും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ട്വന്റി-20 തൂത്തുവാരിയ ഇന്ത്യ ഏകദിനത്തിലും മികവുകാട്ടാമെന്ന പ്രതീക്ഷയിലാണ്. അതേ സമയം ഏകദിന പരമ്പര സ്വന്തമാക്കി തിരിച്ചടിക്കാമെന്ന പ്രതീക്ഷയിലാണ് വിൻഡീസ്. ഇന്ത്യൻ സമയം രാത്രി 7 മുതലാണ് മത്സരം.
ഇന്ത്യൻ ടീമിൽ തലവേദനയായി തുടരുന്ന നാലാം നമ്പറിൽ ശ്രേയസ് അയ്യറെ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യയെന്നാണ് റിപ്പോർട്ടുകൾ. ഏകദിനത്തിലെ ആദ്യ മത്സരത്തിൽ ശ്രേയസ് ടീമിലുണ്ടായിരുന്നെങ്കിലും മഴ മൂലം മത്സരം ഉപേക്ഷിച്ചത് തിരിച്ചടിയായി. ഇന്ത്യ എ ടീമിനൊപ്പമുള്ള പ്രകടനം ശ്രേയസിന് മുതൽക്കൂട്ടാണ്. ശ്രേയസ് നാലാം നമ്പറിൽ ഇറങ്ങിയാൽ രാഹുൽ പുറത്തിരിക്കേണ്ടി വരും. ലോകകപ്പിൽ ധവാന് പരിക്കേറ്റപ്പോൾ ഓപ്പണിംഗിൽ രാഹുലിനെയാണ് പരീക്ഷിച്ചത്. മോശം ഫോമിൽ തുടരുന്ന കേദാർ ജാദവിനും ഈ പരമ്പര നിർണായകമാണ്. ഭുവനേശ്വറിന് വിശ്രമം അനുവദിച്ച് നവദീപ് സെയ്നി കളത്തിലിറങ്ങിയേക്കും.
ഈ പരമ്പരയോടെ വിരമിക്കുന്ന വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയ് ലിന്റെ മുന്നൂറാമത്തെ ഏകദിനമാണിത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിൻഡീസ് താരമെന്ന ലാറയുടെ റെക്കാഡ് മറികടക്കാൻ ഗെയ്ലിന് 9 റൺസ് കൂടി മതി. ഇവിടെ അവസാനം നടന്ന അഞ്ച് ഏകദിനങ്ങളിൽ നാലും മഴ തടസപ്പെടുത്തിയിരുന്നു. തെളിഞ്ഞ കാലാവസ്ഥ തുടരുന്നത് ആരാധകർക്ക് പ്രതീക്ഷ നൽക്കുന്നുണ്ട്.