ഇടുക്കി: ജനവാസകേന്ദ്രത്തിൽ ഇറങ്ങി കൃഷിയും വീടുകളും നശിപ്പിച്ച ആനക്കൂട്ടത്തിലെ പിടിയാന കിണറ്റിൽ വീണ് ചെരിഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറ ഗ്രാമത്തിൽ ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. ആനയുടെ ജഡം പുറത്ത് എടുക്കാൻ എത്തിയ ജെ.സി.ബി ചെളിയിൽ താഴ്ന്ന് ഓരാൾ മരിച്ചു. ഇടുക്കി ചെറുതോണിയിലാണ് സംഭവം.
https://www.youtube.com/watch?v=1EamLIitMRY
സമീപത്തെ വനത്തില്‍ നിന്ന് ജനവാസകേന്ദ്രത്തില്‍ എത്തിയ ആനക്കൂട്ടമാണ് കൃഷിയും വീടും നശിപ്പിച്ചത്. കുളമ്പേല്‍ ജോസഫിന്റെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ജോസഫും ഭാര്യയും എറണാകുളത്ത് ബന്ധുവീട്ടില്‍ പോയതിനാല്‍ വീട്ടില്‍ ആളുണ്ടായിരുന്നില്ല. കുളമ്പേല്‍ മാത്യു, കുളമ്പേല്‍ ജോസ്, ഉറുമ്പില്‍ ബൈജു എന്നിവരുടെയും കൃഷിയിടങ്ങളില്‍ ആനക്കൂട്ടം നാശം വിതച്ചു.
ആനക്കൂട്ടത്തില്‍പ്പെട്ട ആറ് വയസ് പ്രായമുള്ള പിടിയാനയാണ് ഇതിനിടയില്‍ കിണറ്റില്‍ തലകുത്തി വീണത്. മാത്യുവിന്റെ വീട്ടുവളപ്പിലെ പതിനഞ്ച് അടി ആഴമുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. പുലര്‍ച്ചെ നാട്ടുകാരാണ് ആന കിണറ്റില്‍ വീണ് ചത്ത് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു.
ഡി.എഫ്.ഒയുടെ നേതൃത്വത്തില്‍ വനപാലകര്‍ എത്തി ആനയുടെ ജഡം കിണറ്റില്‍ നിന്ന് എടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആനയുടെ ജഡം പുറത്തെടുക്കുന്നതിനെത്തിച്ച ജെ.സി.ബി ചെളിയിൽ താഴ്ന്ന് രണ്ട് പേരെ കാണാതായി. ചെളിയില്‍ പുതഞ്ഞ കൈതപ്പാറ കൊളമ്പേൽ ജോബിഷ് ചാക്കോയാണ് (24) മരിച്ചത്.
ഇടുക്കി മണിയാറംകുടി വനത്തിലൂടെ 12 കിലോമീറ്റര്‍ കൂപ്പ് റോഡും തൊടുപുഴ വേളൂര്‍ കൂപ്പ് വഴിയുള്ള വഴിയുമാണ് കൈതപ്പാറയിലേയ്ക്കുള്ള ഗതാഗത മാര്‍ഗം. മഴയും കാറ്റും ശക്തപ്പെട്ടതിനാല്‍ ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇതിന് പുറമെ ഇപ്പോള്‍ കാട്ടാനകളുടെ ശല്യവും ജനങ്ങളുടെ ജീവന് ഭീഷണിയാവുകയാണ്.