ദുരിതമായി സര്‍ക്കാര്‍; പ്രളയഫണ്ടില്‍ ചെലവഴിക്കാതെ അവശേഷിക്കുന്നത് 2000 കോടിയിലേറെ രൂപ ! വിവരാവകാശരേഖ

Jaihind Webdesk
Tuesday, August 13, 2019

പ്രളയസെസിന്‍റെ പേരിലും ജനത്തെ പിഴിയുന്ന പിണറായി സര്‍ക്കാര്‍ പ്രളയഫണ്ടില്‍ ലഭിച്ച കോടികള്‍ വിനിയോഗിച്ചതിലെ അപാകതകള്‍ വ്യക്തമാക്കുന്ന വിവരാവകാശരേഖ പുറത്ത്. ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകാന്‍ പ്രളയസെസിന്‍റെ പേരില്‍ സാധാരണക്കാരും പാവപ്പെട്ടവരും മുണ്ട് മുറുക്കിയുടുത്ത് സംഭാവന നല്‍കുന്ന പണം ഇഷ്ടക്കാര്‍ക്ക് നല്‍കുന്ന സർക്കാർ പ്രവണതയാണ് വെളിപ്പെടുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിവിധ അക്കൌണ്ടുകളില്‍ നിന്ന് ലഭിച്ചത് 4332.758 കോടി രൂപയെന്ന് വിവരാവകാശരേഖ. ഇതില്‍ ആകെ ചെലവഴിച്ചത് 2008.78 കോടി രൂപ മാത്രം. 2323.978 കോടി രൂപ ദുരിതാശ്വാസഫണ്ടില്‍ നീക്കിയിരിപ്പുണ്ടെന്നും വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് ധനമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

പ്രളയദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ വിവിധ അക്കൌണ്ടുകളിലൂടെ ലഭിച്ച തുകയുടെ പകുതിപോലും ഇനിയും ചെലവഴിച്ചിട്ടില്ല. 2000 കോടി ചെലവഴിച്ചതായി സര്‍ക്കാര്‍ പറയുമ്പോഴും ഇനിയും സര്‍ക്കാര്‍ സഹായം ലഭിക്കാത്ത അര്‍ഹതപ്പെട്ടവർ നിരവധിയാണെന്നതും വസ്തുതയായി അവശേഷിക്കുന്നു. 2323.978 കോടി രൂപ സ്ഥിരനിക്ഷേപമായി വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചതായും വിവരാവകാശരേഖ പറയുന്നു.

ദുരിതബാധിതര്‍ക്ക് സാന്ത്വനമേകാനെന്ന പേരില്‍ പിരിച്ചുകൂട്ടിയ തുകയില്‍ രണ്ടായിരം കോടിയിലേറെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ അവശേഷിക്കുമ്പോഴും ഇനിയും സംഭാവന ചെയ്യാന്‍ മുറവിളി കൂട്ടുന്നതിനെതിരെ ചോദ്യം ഉയരുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് എല്ലാം നഷ്ടമായവരില്‍ അടിയന്തര സഹായമായ പതിനായിരം രൂപ പോലും ലഭിക്കാത്തവര്‍ നിരവധിയുണ്ടെന്നതാണ് ഏറെ വേദനാജനകമായ വസ്തുത. പ്രളയദുരിതാശ്വാസത്തിനായി ഉള്ളതില്‍ നല്ലൊരു വിഹിതം മനസറിഞ്ഞ് സംഭാവന ചെയ്തവരെല്ലാം സര്‍ക്കാര്‍ നിലപാടില്‍ അതൃപ്തരാണ്. പ്രളയഫണ്ട് ധൂര്‍ത്തടിക്കുന്നതായും സർക്കാരിനെതിരെ ശക്തമായ ആരോപണമുണ്ട്. റീബില്‍ഡ് കേരളയ്ക്കായി അടിസ്ഥാന സൌകര്യങ്ങളൊരുക്കിയതിലെ സര്‍ക്കാര്‍ ധൂര്‍ത്ത് ഇതിനോടകം വ്യാപക ആക്ഷേപത്തിന് വഴിവെച്ചിട്ടുണ്ട്. നിരവധി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഈ ആവശ്യത്തിലേക്കായി ഉപയോഗിക്കാമെന്നിരിക്കെ ലക്ഷങ്ങള്‍ പൊടിച്ച് സ്വകാര്യകെട്ടിടം വാടകയ്ക്കെടുത്തത് ചില വ്യക്തികളെ സഹായിക്കാനാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

പി രാജീവ് എന്നയാള്‍ വിവരാവകാശനിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ധനമന്ത്രാലയം ജൂലൈ 29ന് നല്‍കിയ മറുപടിയിലാണ് പ്രളയഫണ്ട് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.