കേരളത്തിൽ 20 പാർലമെന്‍റ് മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാർത്ഥികൾ മത്സരിക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപമായത്.
20 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവുമധികം മത്സരാർത്ഥികൾ രംഗത്തുള്ളത്. 6 പേർ മത്സരിക്കുന്ന ആലത്തൂരിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിക്കെതിരെ രണ്ട് അപരന്മാരും രംഗത്തുണ്ട്. പത്രിക പിൻവലിക്കാനുള്ള സമയപരിധിക്കുള്ളിൽ 16 സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി സംസ്ഥാനത്താകെ 303 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതിൽ നിന്ന് സൂക്ഷ്മ പരിശോധനയ്ക്കും പത്രിക പിൻവലിക്കാനുള്ള സമയപരിധിക്കും ശേഷമാണ് സ്ഥാനാർത്ഥികളുടെ എണ്ണം 227 ൽ എത്തിയത്.
തിരുവനന്തപുരത്ത് 17 പേരും ആറ്റിങ്ങലിൽ 19 പേരും ജനവിധി തേടും. കൊല്ലത്ത് 9 പേരും പത്തനംതിട്ടയിൽ 8 പേരും മത്സര രംഗത്തുണ്ട്. കോട്ടയത്ത് 7 സ്ഥാനാർത്ഥികളും, ഇടുക്കിയിൽ 8 പേരും മത്സരിക്കും . എറണാകുളത്തും ചാലക്കുടിയിലും 13 പേർ വീതം മത്സരിക്കുന്നു. തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് എട്ടു പേര്‍ മത്സരിക്കും. പാലക്കാട് 9, മലപ്പുറം 8, പൊന്നാനി 12, കോഴിക്കോട് 14, വടകര 12, കണ്ണൂർ 13, കാസർഗോഡ് 9 എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ എണ്ണം.