സൈബർ തട്ടിപ്പ് : സാറാ ജോസഫിന്‍റെ മരുമകൻ പി.കെ ശ്രീനിവാസന് നഷ്ടമായത് 20 ലക്ഷം രൂപ

എഴുത്തുകാരി സാറാ ജോസഫിന്‍റെ മരുമകൻ പി.കെ ശ്രീനിവാസന് സൈബർ തട്ടിപ്പ് വഴി 20 ലക്ഷം രൂപ നഷ്ടമായി. ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. സംഭവത്തിൽ പി. കെ ശ്രീനിവാസൻ സൈബർ സെല്ലിലും ബാങ്ക് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.

കാനറ ബാങ്കിന്‍റെ തൃശൂർ വെസ്റ്റ് പാലസ് ബ്രാഞ്ചിലാണ് ശ്രീനിവാസന്‍റെ അക്കൗണ്ട്. ബി.എസ്.എൻ.എൽ സിം കാർഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് എടുത്താണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഈ സിം കാർഡിൽ വന്ന ഒ.ടി.പി ഉപയോ​ഗിച്ച് തട്ടിപ്പ് സംഘം പണം പിൻവലിക്കുകയായിരുന്നു. ഈ മാസം 19നാണ് അഞ്ച് തവണകളായി ശ്രീനിവാസന്‍റെ ഓഫീസ് അക്കൗണ്ടിൽ നിന്ന് 20, 25,000 രൂപ പിൻവലിച്ചത്.

പുലർച്ചെയാണ് ട്രാൻസാക്ഷൻ നടന്നിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. ഉച്ചക്ക് രണ്ട് മണിയോടെ ഓഫീസിൽ നിന്നും വിളിച്ചുപറയുമ്പോൾ മാത്രമാണ് വിവരം അറിഞ്ഞത്. തന്‍റെ ഫോണിലേക്ക് ഇതുസംബന്ധിച്ച് മെസേജുകളൊന്നും വന്നിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

ആധാർ കാർഡ് വ്യാജമായി നിർമിച്ച് അതിൽ മറ്റൊരാളുടെ ഫോട്ടോ പതിപ്പിച്ച് അതുവഴി ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് നിർമിച്ചാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥനും ഇതിൽ പങ്കുള്ളതായി സംശയമുണ്ടെന്നും സൈബർ സെല്ലിൽ നൽകിയ പരാതിയിൽ പറയുന്നു.

ബാങ്കിൽ പരാതി പറഞ്ഞിട്ടും അധികൃതരുടെ ഭാ​ഗത്ത് നിന്ന് തണുത്ത പ്രതികരണമാണുണ്ടായെന്ന് സാറാ ജോസഫ് വിമർശിച്ചു.
സാറ ജോസഫിന്‍റെ മകൾ സം​ഗീതയുടെ ഭർത്താവാണ് പ്രമുഖ ആർക്കിടെക്റ്റായ ശ്രീനിവാസൻ.

Comments (0)
Add Comment