സുരക്ഷാസൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീയടക്കം 2 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

Jaihind Webdesk
Wednesday, May 8, 2019

ഛത്തീസ്ഗഡിൽ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെയാണ് സുരക്ഷാസൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായത്. ഡിസ്ട്രിക്ട് റിസേഴ്വ് ഗാർഡും സ്പെഷ്യൽ ടാസ്ക് ഫോഴ്സും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.

പരിശോധനയ്ക്കായി വനമേഖലയിലേക്ക് പോയ സുരക്ഷാസൈന്യത്തിന് നേരെ ഛത്തീസ്ഗഡിലെ ദന്തെവാഡയ്ക്ക് സമീപം മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം ഒരു സ്ത്രീയടക്കം രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. സമീപത്ത് തോക്കുകളും ഉണ്ടായിരുന്നു. സ്ഥലത്ത് നിന്ന് മാവോയിസ്റ്റ് ലഘുലേഖകളും കണ്ടെടുത്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് അപകടമൊന്നും പറ്റിയിട്ടില്ലെന്നും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നും ഡിഐജി പി സുന്ദർരാജ പറഞ്ഞു.

കഴിഞ്ഞയാഴ്ച സുഖ്മ മേഖലയിൽ രണ്ട് ഗ്രാമീണരെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു.