കണ്ണൂരിലെ മലയോര മേഖലയിലും കനത്ത മഴ; 2 കുടുംബങ്ങളെ രക്ഷപ്പെടുത്തിയത് അതിസാഹസികമായി

അതിസാഹസികമായ രക്ഷാദൗത്യങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂരിലെ മലയോര മേഖല സാക്ഷ്യം വഹിച്ചത്. അയ്യൻകുന്ന് പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന് കിടക്കുന്ന മുടിക്കയത്ത് കുടുങ്ങിയ രണ്ട് കുടുംബത്തെ അതിസാഹസികമായാണ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ഇരിട്ടി താലൂക്ക് ഓഫിസിലെ സീനിയർ ക്ലർക്ക്, കണ്ണൂർ പയ്യാമ്പലത്തെ ലൈഫ് ഗാർഡുകൾ, ഇരിട്ടിയിലെ അഗ്നിശമന സേനാഗംങ്ങൾ, വാർഡ് മെമ്പർ, നാട്ടുകാർ എന്നിവർ ഒത്തൊരുമയോടെ ശ്രമിച്ചതിനെ തുടർന്നാണ് രണ്ട് കുടുംബത്തെ വെള്ളപ്പൊക്കത്തിൽ നിന്ന് അതിസാഹസീകമായി രക്ഷിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.ഏതു നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുള്ള വനത്തിൽ നിന്നും ജീവൻ പണയപ്പെടുത്തിയാണ് ഓരോരുത്തരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. കച്ചേരിക്കടവ് റോഡ് മാർഗ്ഗം രക്ഷാപ്രവർത്തനം സാധിക്കാത്തതിനാൽ കർണ്ണാടക ബ്രഹ്മഗിരി വനമേഖലയിൽ പ്രവേശിച്ച് കിലോമീറ്ററോളം നടന്നാണ്  കുടുങ്ങിക്കിടന്നവരുടെ അടുത്ത് എത്താൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞത്. കുത്തിയൊഴുകുന്ന ബാരാപോൾ ഉൾപ്പടെയുളള രണ്ട് പുഴകൾ നീന്തിക്കടന്നാണ് രക്ഷാപ്രവർത്തകർ വീടുകൾക്ക് സമീപം എത്തിയത്. വനമേഖലയിൽ കുടുങ്ങിയ  9 ആളുകളെ അഞ്ചു മണിക്കൂർ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് സുരക്ഷിത കേന്ദ്രത്തിൽ എത്തിച്ചത്.

രണ്ട് ദിവസം മുൻപ് ആരംഭിച്ച മഴയിലാണ് ഇവർ കുടുങ്ങിയത്. നടുവിലേ കിഴക്കേലിൽ വിശ്വനാഥന്‍റെയും , കുറുപ്പാറമ്പിൽ കുഞ്ഞന്‍റെയും കുടുംബത്തെയുമാണ് രക്ഷിച്ചത്. മരത്തിനു മുകളിൽ റോപ്പ് കെട്ടി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാണ് ഓരോരുത്തരെയും മറുകര എത്തിച്ചത്. കഴിഞ്ഞ 2 ദിവസമായി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഉരുൾപൊട്ടലിനെ തുടർന്ന്  സാധിച്ചില്ല.  കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയില്ലെങ്കിൽ വൻ അപകടത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് അതിസാഹസികമായി വനത്തിലൂടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ഈ കുടുംബങ്ങൾക്ക് സുരക്ഷിത സ്ഥലത്ത് വീട് നിർമ്മിക്കാൻ സർക്കാർ സഹായം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

https://youtu.be/NQYF__OTMVY

DisasterRescueRain
Comments (0)
Add Comment