ശബരിമലയിൽ നിരോധനാജ്ഞ; മാധ്യമങ്ങൾക്കും നിയന്ത്രണം

Friday, November 2, 2018

ശബരിമല ചിത്തിര ആട്ടവിശേഷത്തിന് നടതുറക്കുന്നതിന് മുന്നോടിയായി ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാത്രി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വരുന്നത്.

നിലക്കൽ, പമ്പ, സന്നിധാനം, ഇലവുങ്കൽ എന്നിവിടങ്ങളിലാണ് നാളെ അർദ്ധരാത്രി മുതൽ ആറാം തീയതി രാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസത്തേക്ക് മാത്രമാണ് നട തുറക്കുന്നത്.

നട തുറക്കുന്ന അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം മാത്രമായിരിക്കും ഭക്തരെ സന്നിധാനത്തേക്കും പമ്പയിലേക്കും പ്രവേശിപ്പിക്കുക. മാധ്യമങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചിന് രാവിലെ മാത്രമേ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിക്കൂ.

ദക്ഷിണ മേഖല എഡിജിപി അനിൽ കാന്തിനാണ് സുരക്ഷാ ചുമതലയുടെ നേതൃത്വം.