ജാർഖണ്ഡിൽ ഇന്ന് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കും. 5 ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളും മാവോയിസ്റ്റ് സാന്നിധ്യ മേഖല ആയതിനാൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിലേക്കും കാടുകളിലെ ഒറ്റപ്പെട്ട ബൂത്തുകളിലേക്കും ഹെലിക്കോപ്റ്റർ വഴിയാണ് പോളിംഗ് സാമഗ്രികൾ എത്തിക്കുക.
3,906 പോളിംഗ് സ്റ്റേഷനുകളിലായി രാവിലെ 7 മുതൽ വൈകിട്ട് 3 മണി വരെയാണ് വോട്ടെടുപ്പ്. 37,83,055 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ ബൂത്തിലെത്തുക. 989 വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ വെബ്കാസ്റ്റിംഗ് സൗകര്യമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അഞ്ച് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ 23 നാണ് ഫലപ്രഖ്യാപനം.