സംസ്ഥാനത്ത് 12 പേർക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 52ആയി

Jaihind News Bureau
Saturday, March 21, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസർകോട് 6 പേർക്കും കണ്ണൂരിലും എറണാകുളത്തും 3 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 ആയി. 53013പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 52785പേർ വീടുകളിലും 228 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 2566 പേർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു.

സർക്കാർ നിയന്ത്രണങ്ങൾക്ക് യാതൊരു വിധ വിലയും കല്‍പ്പിക്കാതെ ചിലർ പ്രവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിക്കാതെ വന്നാൽ നിരോധനാജ്ഞ പോലുള്ള കർശന നിയന്ത്രണങ്ങളിലേക്ക് കടക്കേണ്ടി വരും. പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരു വിട്ടു വീഴ്ചക്കും സർക്കാർ തയ്യാറല്ല
നിരുത്തരവാദിത്തതിന്‍റെ  വലിയ ദൃഷ്‌ടാന്തമാണ് കാസർകോട് അനുഭവിച്ചത്. നാടൊന്നാകെ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ പലർക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല. സമൂഹത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ആൾക്കൂട്ടം ഒഴിവാക്കാൻ പോലീസിന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.