വീടുകയറി ആക്രമണം: ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 12 പേർ അറസ്റ്റില്‍; സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

Jaihind Webdesk
Monday, December 27, 2021

തിരുവനന്തപുരം : തലസ്ഥാനത്ത് നഗരൂരിൽ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 12 പേരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. സൂരജ്, വിഷ്ണു എന്നീ യുവാക്കൾ തമ്മിലുണ്ടായ അടിപിടിയാണ് അക്രമത്തിൽ കലാശിച്ചത്. അതേസമയം അക്രമത്തിൽ നേരിട്ട് പങ്കെടുത്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്ന് ആക്ഷേപം.

തലസ്ഥാനനഗരിയിൽ ക്രമസമാധാനം നഷ്ടപ്പെടുന്നുവെന്ന ഗുരുതര ആക്ഷേപത്തിന് പിന്നാലെയാണ് നഗരൂരിൽ അക്രമിസംഘം വീടുകയറി ആക്രമിച്ച സംഭവം പുറത്തുവരുന്നത്. സൂരജ്, വിഷ്ണു എന്നീ യുവാക്കൾ തമ്മിലുണ്ടായ അടിപിടിക്ക് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. വീടുകയറി ആക്രമിച്ച സംഘം  സ്ത്രീകളെയും  ഉപദ്രവിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ വെള്ളല്ലൂർ മേഖലാ പ്രസിഡന്‍റ് വിഷ്ണു അടക്കമുള്ള 12 പേരെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

സൂരജും വിഷ്ണുവും തമ്മിൽ വർഷങ്ങളായി ശത്രുതയിലാണ്. ഇവർ തമ്മിൽ നേരത്തെ ഏറ്റുമുട്ടലുണ്ടായിരുന്നു എന്ന് നാട്ടുകാരും പറയുന്നുണ്ട്. വീടുകയറിയുള്ള ആക്രമണത്തിൽ വിഷ്ണുവിന് സാരമായി പരിക്കേറ്റു. വീട്ടിൽ കയറി അക്രമി സംഘം കയ്യിൽ കിട്ടിയതെല്ലാം നശിപ്പിച്ചു. അതേസമയം സംഭവത്തിൽ ദൃശ്യങ്ങൾ സഹിതം പുറത്ത് വരുമ്പോഴും അക്രമി സംഘത്തിൽ ഉൾപ്പെട്ടിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒലീദിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

തലസ്ഥാനത്ത് ക്രമസമാധാനം നഷ്ടപ്പെടുന്നതിൽ പോലീസിന്‍റെ നിഷ്ക്രിയത്വം കാരണമാകുന്നുണ്ട് എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ, ഇത്തരം സംഭവങ്ങളിലെ രാഷ്ട്രീയ ഇടപെടലുകൾ കൂടി പുറത്തുവരുന്നതോടെ
പൊലീസിന് ഇത് വലിയ തലവേദനയാകുമെന്ന കാര്യത്തിൽ സംശയമില്ല.

  • ചിത്രം – 1 വൃത്തത്തിനുള്ളില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഒലീദ്