ദുബായില്‍ 3 മാസത്തിനുള്ളില്‍ 11,655 ഉപഭോക്തൃ പരാതികള്‍: കൂടുതലും ഇലക്ട്രോണിക് സാധനങ്ങള്‍ക്ക്; പരാതിക്കാരില്‍ ഇന്ത്യക്കാരും മുന്നില്‍

Jaihind News Bureau
Sunday, April 19, 2020

ദുബായ് : സാമ്പത്തിക മന്ത്രാലയത്തിന് ലഭിച്ച പരാതികളില്‍ ഏറെയും ഇലക്ട്രോണിക്‌സ് സാധന സാമഗ്രികളെ കുറിച്ചുള്ളതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 2020 വര്‍ഷം ആദ്യ മൂന്നു മാസത്തെ പരാതികളുടെ കണക്കിലാണിത്. 2019 വര്‍ഷം ഇതേ കാലയളവില്‍ ലഭിച്ച പരാതികളേക്കാള്‍ 40 ശതമാനം കൂടുതലാണ് ഈ കണക്ക്.

ദുബായ് സാമ്പത്തിക മന്ത്രാലയത്തിന് കീഴിലെ, കൊമേഴ്സ്യല്‍ കംപ്ലയിന്‍റ്സ് ആന്‍റ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ ഇപ്രകാരം ആകെ 11,655 പരാതികള്‍ മൂന്നു മാസത്തിനുള്ളില്‍ ലഭിച്ചു. 59% പരാതികളും ലഭിച്ചത് സ്മാര്‍ട്ട് ചാനലുകള്‍ വഴിയാണ്. പരാതി നല്‍കിയവരില്‍ മുന്നില്‍ യു.എ.ഇ സ്വദേശികളാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്നും അധികൃതര്‍ പറഞ്ഞു. പരാതി നല്‍കിയവരില്‍ ഈജിപ്തുകാര്‍ മൂന്നാം സ്ഥാനത്തും സൗദികള്‍ നാലാം സ്ഥാനത്തുമാണ്.

പരാതികളില്‍ ഇലക്ട്രോണിക്‌സ് മേഖല കഴിഞ്ഞാല്‍ ഇ-കൊമേഴ്സ്, കാര്‍ വാടകയ്ക്ക് കൊടുക്കല്‍ എന്നിവയാണ് ഏറ്റവും കൂടുതലായുള്ളത്. കൂടാതെ ഓട്ടോമൊബൈല്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, വ്യക്തിഗത ഇനങ്ങള്‍, കാര്‍ വര്‍ക്ക് ഷോപ്പുകള്‍, ഇന്‍റീരിയര്‍ ഡെക്കറേഷന്‍, ഹെയര്‍ സലൂണുകള്‍ എന്നിവയെ കുറിച്ചും പരാതിക്കാര്‍ ഏറെയാണ്. സാമ്പത്തിക മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയും 600545555 എന്ന നമ്പറിലും പരാതികള്‍ നല്‍കാം.