മനിതി വനിതാസംഘത്തെ തടഞ്ഞ 11 പേര്‍ കസ്റ്റഡിയില്‍

Jaihind Webdesk
Sunday, December 23, 2018

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി പമ്പവരെ എത്തിയ മനിതി സംഘത്തില്‍പ്പെട്ട യുവതികളെ തടഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. രണ്ടു കേസുകളാണ് പമ്പ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധത്തില്‍ പങ്കെടുത്ത 11 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് മനിതി സംഘത്തില്‍പ്പെട്ട യുവതികളെ പൊലീസ് പമ്പയിലെത്തിച്ചത്. എന്നാല്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് മല കയറാനായില്ല. ഇതിനിടെ യുവതികളെ അനുനയിപ്പിച്ച് മടക്കി അയയ്ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.

ആറു മണിക്കൂറിന് ശേഷം പ്രതിഷേധക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്ത യുവതികളുമായി പൊലീസ് മലകയറാന്‍ ശ്രമിച്ചെങ്കിലും ശരണപാതയില്‍ പ്രതിഷേധക്കാര്‍ നിരന്നതോടെ പിന്‍മാറേണ്ടി വന്നു. ഇതിനു പിന്നാലെ പൊലീസ് സുരക്ഷ ഒരുക്കിയില്ലെന്ന പരാതിയുമായി യുവതികള്‍ ചെന്നൈയിലേക്ക് മടങ്ങി.