പ്രളയ ദുരിതബാധിതർക്ക് അടിയന്തിര ധനസഹായമായി 10000 രൂപ വീതം നൽകും

Jaihind News Bureau
Wednesday, August 14, 2019

സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തിൽ ദുരിതബാധിതർക്ക് അടിയന്തിര ധനസഹായമായി 10000 രൂപ വീതം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് ധനസഹായം നൽകാനും യോഗത്തിൽ തീരുമാനമെടുത്തു

പ്രളയക്കെടുതിയിൽ പെട്ട ദുരിതബാധിതർക്കുള്ള അടിയന്തിര സഹായത്തിനു പുറമേ വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവും നൽകാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി. ഇതിന് അർഹരായവരെ വില്ലേജ് ഓഫീസർ അതത് സ്ഥലങ്ങളിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറി എന്നിവർ പരിശോധിച്ച് കണ്ടെത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.പ്രളയക്കെടുതിയിൽ 95 പേർ മരിച്ചുവെന്നും 1118 ക്യാമ്പുകളിലായി 189567 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൃഷി നാശം ,റോഡുകളുടെ പുനരുദ്ധാരണം തുടങ്ങിയ നാശ നഷ്ടങ്ങൾക്കും കഴിഞ്ഞ വർഷത്തേതുപോലെ പണം അനുവദിക്കും. എ.എ.വൈ കാർഡ് ഒഴികെയുള്ളവർക്കും തീരപ്രദേശങ്ങളിലും 15 കിലോ അരി സൗജന്യമായി നൽകും. വ്യാപാര സ്ഥാപനങ്ങളുടെ നഷ്ടം കണക്കാക്കുന്നതിനായി മന്ത്രിസഭാ ഉപസമിതിയെ നിയമിക്കാനും കേന്ദ്ര സഹായത്തിന് മെമ്മോറാണ്ടം നൽകാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സമിതിയെയും ചുമതലപ്പെടുത്താനും തീരുമാനമായി. ഇതിനു പുറമേ എല്ലാ മന്ത്രിമാരുടെയും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും.

ഇത്തവണ 64 ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ അർഹമായ വില്ലേജുകളെ ദുരന്തബാധിത മേഖലകളായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്‍റെ രണ്ട് മക്കൾക്കും മാതാവിനും 2 ലക്ഷം രൂപ വീതവും ഭാര്യയ്ക്ക് മലയാളം സർവ്വകലാശാലയിൽ ജോലി നൽകാനും യോഗത്തിൽ ധാരണയായി.