പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിന്റെ നേതൃത്വത്തിലുള്ള 11 വനിത അംഗങ്ങളാണ് ഉള്ളത്. 18 അംഗ മന്ത്രിസഭയിൽ 6 പുരുഷൻമാർ മാത്രമാണ് ഉള്ളത്. വർഷങ്ങളായി തുടർന്നു വന്നിരുന്ന കീഴ്വഴക്കങ്ങൾ പലതും ലംഘിച്ചുകൊണ്ടാണ് മാറ്റത്തിന്റെ ശംഖൊലി മുഴക്കി പുതിയ കാലത്തിലേക്കു സ്പെയിൻ ചുവടുവയ്ക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ സമത്വത്തിനും തുല്യനീതിക്കുംവേണ്ടി സ്ത്രീകൾ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തി ലോക ശ്രദ്ധ നേടിയ രാജ്യത്തെ ഇനി മുന്നോട്ടു നയിക്കുന്നത് വനിതകൾക്കു ഭൂരിപക്ഷമുള്ള മന്ത്രിസഭയാകും. പ്രതിരോധം, സാമ്പത്തികം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നതും വനിതകൾ തന്നെയാണ്.
മാഡ്രിഡിനു സമീപമുള്ള സർസുല കൊട്ടാരത്തിൽ വർണാഭമായ ചടങ്ങിലായിരുന്നു അംഗങ്ങളുടെ സത്യപ്രതിജ്ഞ. ഫിലിപ് ആറാമൻ രാജാവിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ലോകത്തിന് തന്നെ പുത്തൻ മാതൃകയാണ് കാഴ്ചവച്ചത്. ഇതുവരെ കാഴ്ചക്കാരായി മാത്രം നിന്നിരുന്ന സ്ത്രീകൾ ആത്മവിശ്വാസത്തോടെ രാജ്യത്തെ മുൻനിരയിൽ നിന്ന് തന്നെ നയിക്കാനായി കടന്നുവരുന്ന കാഴ്ച ലോകം മുഴുവൻ നോക്കിനിന്നത് അത്ഭുതവും സന്തോഷവും ഒരൽപം അഹങ്കാരത്തോടെയുമാണ്.
എല്ലാം കൊണ്ടും വ്യത്യസ്തമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങും. ബൈബിളിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന പരമ്പരാഗത രീതി ഇക്കുറി സ്പെയിൻ മാറ്റിവച്ചു. ആദ്യമായി മതപരമായ ചിഹ്നങ്ങൾ ഒഴിവാക്കി ഭരണഘടനയ്ക്കു സ്ഥാനം നൽകി.
ജനാധിപത്യത്തിലെ ഏറ്റവും ഉന്നത മൂല്യമായ തുല്യതയ്ക്ക് മുൻഗണന നൽകുന്നു എന്നത് തന്നെയാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകത. സമത്വത്തിന്റെയും നീതിയുടെയും പുതിയ ഒരു യുഗത്തിലേക്കു നീങ്ങുകയാണു സ്പെയിൻ.
11 വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തിയെങ്കിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വനിതകളെ ഉൾപ്പെടുത്തിയ സ്വീഡന്റെ റെക്കോർഡ് തകർക്കാൻ സ്പെയിനിന് കഴിഞ്ഞിട്ടില്ല. 12 വനിതാ മന്ത്രിമാരാണ് സ്വീഡനെ മുന്നോട്ടു നയിക്കുന്നത്. പുരുഷ മന്ത്രിമാരുടെ എണ്ണം അവിടെ 11 മാത്രം. എന്നാൽ ശതമാനക്കണക്കിൽ മുന്നിലാണെന്ന് സ്പെയിനിന് ആശ്വസിക്കാം.