സംസ്ഥാനത്ത് സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകാന്‍ സർക്കാര്‍ തീരുമാനം

Jaihind News Bureau
Monday, January 20, 2020

തിരുവനന്തപുരം : സംസ്ഥാനത്ത് സെന്‍സസ് നടപടികളുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന സർക്കാർ തീരുമാനം.  ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വപ്പട്ടികയും നടപ്പാക്കില്ലെന്നും വിശദീകരണം. പുതുതായി കൂട്ടിച്ചേർത്ത രണ്ട് ചോദ്യങ്ങള്‍ ഒഴിവാക്കാനും മന്ത്രിസഭായോഗ തീരുമാനം.

ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിർണായക തീരുമാനങ്ങളാണ് ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭായോഗം കൈക്കൊണ്ടത്. ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വപ്പട്ടികയും സംസ്ഥാനത്ത് നടപ്പാക്കേണ്ടതില്ലെന്നതാണ് മന്ത്രിസഭയുടെ  തീരുമാനം. മുഖ്യമന്ത്രിയടക്കം ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണെങ്കിലും സർക്കാരിന്‍റെ നയപരമായ  തീരുമാനമായി മന്ത്രിസഭ ഇത് അംഗീകരിച്ചിരിക്കുകയാണ്. അതേസമയം പതിവ് സെന്‍സസ് നടപടികളുമായി സഹകരിക്കാനും സംസ്ഥാനം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്ര സെന്‍സസ് ഡയറക്ടറെ അറിയിക്കും.

സെൻസസിൽ ഒരാളുടെ ജനന തീയതി, രക്ഷിതാക്കളുടെ വിശദാംശങ്ങൾ എന്നിവ പൂരിപ്പിച്ച് നൽകില്ലെന്നും പുതുതായി കൂട്ടിചേർത്ത ഈ ചോദ്യങ്ങൾ അനാവശ്യമാണെന്നുമായിരുന്നു മന്ത്രിസഭയുടെ വിലയിരുത്തൽ. എന്നാൽ ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വപ്പട്ടികയും സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് പറയുമ്പോഴും സെൻസസുമായി മുന്നോട്ട് പോകുന്ന സർക്കാർ നിലപാട് ഇരട്ടത്താപ്പാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകാനുള്ള നീക്കം ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ (എന്‍.പി.ആര്‍) സഹായിക്കുമെന്നാണ് ഉയരുന്ന ആക്ഷേപം.