കാസർഗോഡ് രണ്ട് കുടുംബത്തിലെ 11 പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായതായി പരാതി. ദുബായിലേക്ക് പുറപ്പെട്ട സംഘം യമനിൽ എത്തിയതായി സൂചനയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നിൽ ഹൗസിൽ അബ്ദുൽ ഹമീദ് നൽകിയ പരാതിയിൽ സ്ത്രീകളും കുട്ടികളുമടക്കം ആറ് പേരെ കാണാതായതിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബ്ദുൽ ഹമീദിന്റെ മകൾ നസീറ (25), ഭർത്താവ് സവാദ് (35), മക്കളായ മുസബ് (ആറ്), മർജാന (മൂന്ന്), പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മിൽ , സവാദിന്റെ രണ്ടാം ഭാര്യ റഹാനത്ത് (25) എന്നിവരെ കാണാതായ സംഭവത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോലീസിന് അബ്ദുൽ ഹമീദ് നൽകിയ മൊഴിയിലാണ് അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരം പുറത്തു വന്നിരിക്കുന്നത്. അണങ്കൂരിലെ അൻവർ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കൾ എന്നിവരെയാണ് കാണാതായിരിക്കുന്നത്.
ദുബായിൽ മൊബൈൽ കട നടത്തിവരികയായിരുന്നു സവാദ്. 2018 ജൂൺ 15 നാണ് ഇവരെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
കാസർഗോഡ് ജില്ലയിലെ പടന്ന, തൃക്കരിപ്പൂർ ഭാഗങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള സംഘം ഐ.എസ് കേന്ദ്രത്തിലെത്തിയതിന് തൊട്ടുപിന്നാലെയാണ് പുതിയ തിരോധാന വാർത്ത പുറത്തു പരുന്നത് .
ജില്ലയിൽ നിന്നും വീണ്ടും കുടുംബങ്ങളെ കാണാതായ വിവരം ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജൻസിയെ അറിയിച്ചിട്ടുണ്ട്.