കോഴിക്കോട് ജില്ലയിൽ മഴ ശമിക്കുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
കോഴിക്കോട് ജില്ല മഴക്കെടുതിയിൽ നിന്ന് മുക്തമായിക്കൊണ്ടിരിക്കുന്നു. നദികളിലെ ശക്തമായ ഒഴുക്ക് കുറഞ്ഞു. കക്കയം ഡാമിലെ ഷട്ടറുകൾ താഴ്ത്തി. വെള്ളത്തിനടിയിലായ പ്രദേശങ്ങളും പൂർവസ്ഥിതിയിലായിക്കൊണ്ടിരിക്കുന്നു.
40,000 ത്തിൽ അധികം ആളുകൾ നേരത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നു. എന്നാൽ നിരവധി പേർ ഇന്ന് രാവിലെയോടെ സ്വന്തം വീടുകളിലേക്ക് മടങ്ങി. ചിലർ വീടുകളുടെ ദുരിതാവസ്ഥയെത്തുടർന്ന് ക്യാമ്പുകളിലേക്ക് തന്നെ മടങ്ങി.
23,000 ത്തോളം ആളുകളാണ് ഇപ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. മഴ കാര്യമായി കുറഞ്ഞെങ്കിലും അധികൃതരുടെ ജാഗ്രതാ നിർദേശം ഇപ്പോഴും തുടരുകയാണ്