ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഭൂമി ഇടിഞ്ഞുതാഴുന്നതിനെയും മണ്ണിടിച്ചിലിനെയും കുറിച്ച് പഠിക്കാൻ ബാംഗ്ലൂരിൽ നിന്നും വിദഗ്ദ്ധ സംഘമെത്തും.
ജില്ലയിൽ മണ്ണിച്ചിലും ഭൂമി വീണ്ടു കീറലും കിണറുകൾ താഴ്ന്നതും സംബന്ധിച്ച പ്രതിഭാസത്തെക്കുറിച്ച് പഠിക്കാൻ ജിയോളജി വിദഗ്ദ്ധരുടെ സംഘം എത്തും. ഹൈറേഞ്ചിൽ അറുപതിലേറെ പ്രദേശങ്ങളിലാണ് കിണറുകൾ ഇടിഞ്ഞ് താഴ്ന്നത്. 371 ഇടങ്ങളിൽ ഉരുൾപൊട്ടലും 1,817 ഇടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായതായാണ് റിപ്പോർട്ട്. ഇടുക്കിയിലെ ഭൂമിയിലുണ്ടായ മാറ്റത്തെ കുറിച്ചും സെന്റർ ഫോർ എർത്ത് ആൻഡ് സ്പെയ്സ് സയൻസ് പരിശോധന നടത്തും.
കുമളി – മൂന്നാർ സംസ്ഥാന പാത കടന്ന് പോകുന്ന വിവിധ സ്ഥലങ്ങളിൽ റോഡുകൾ ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഈ പ്രദേശങ്ങളിൽ അപകട മുന്നറിയിപ്പ് നൽകുന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി പ്രദേശങ്ങളിൽ ഹെക്ടർ കണക്കിന് കൃഷിഭൂമികൾ മണ്ണിടിച്ചിലിൽ തകർന്നിട്ടുണ്ട്. ഭൂമി ഇടിഞ്ഞു താഴലും വിണ്ടു കീറലും ഹൈറേഞ്ചിലെ മിക്ക മേഖലകളിലും തുടരുകയാണ്. മലയോരങ്ങളിലൂടെയുള്ള യാത്രകൾക്ക് ജാഗ്രത നിർദേശവുമുണ്ട്.
https://www.youtube.com/watch?v=XuE_kCbXb2I