തിരിഞ്ഞുനോക്കാതെ അധികൃതര്‍; ചെറുമഴയിലും കോഴിക്കോട് വെള്ളക്കെട്ടില്‍

Jaihind News Bureau
Friday, July 20, 2018

ഒരു ചെറിയ മഴ പെയ്താൽ കോഴിക്കോട് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. നാല് പതിറ്റാണ്ടായി കോഴിക്കോട് കോർപറേഷൻ ഭരിക്കുന്ന ഇടത് ഭരണകൂടത്തിന് ഇക്കാര്യത്തിൽ ചെറുവിരൽ പോലും അനക്കാൻ കഴിഞ്ഞിട്ടില്ല. മഴക്കാലം എത്തുന്നതിന് മുമ്പേ നടത്തേണ്ടിയിരുന്ന ശുചീകരണ പ്രവർത്തനങ്ങൾ ഇത്തവണയും നടന്നിട്ടില്ല.

https://www.youtube.com/watch?v=5dj22BBNGCQ

കഴിഞ്ഞ നാൽപത് വർഷത്തിലധികമായി കോഴിക്കോട് കോർപറേഷൻ ഭരിക്കുന്ന സി.പി.എമ്മിന്റെ കടുത്ത അലംഭാവം നിമിത്തം വെള്ളത്തിനടിയിലാവുന്നത് കോഴിക്കോട് നഗരം തന്നെയാണ്. അശാസ്ത്രീയമായ കെട്ടിട നിർമാണങ്ങളും ഓടകളിലും തോടുകളിലും നിറയുന്ന മാലിന്യങ്ങൾ നിമിത്തം ഒഴുക്ക് നഷ്ടപ്പെടുന്നതും നഗരത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഒഴുക്കു നിലച്ച് ഓടകൾ നിറഞ്ഞൊഴുകി നഗരത്തിലെ ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലാണ്. മിക്കയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. പലയിടത്തും കടകളിൽ വെള്ളം കയറിയിട്ടുണ്ട്.

വർഷം തോറും മഴക്കാലം എത്തുന്നതിനു മുമ്പേ വൃത്തിയാക്കേണ്ടിയിരുന്ന ഓടകൾ ഇത്തവണയും ശുചീകരിച്ചിട്ടില്ല. മാലിന്യങ്ങൾ നിറഞ്ഞ് കനോലി കനാലിലെ ഒഴുക്കും പൂർണമായും നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. ഫണ്ട് അനുവദിക്കുന്നതിലും, നടപ്പാക്കുന്നതിലും  കോർപറേഷൻ അധികൃതർ കാണിക്കുന്ന തികഞ്ഞ അലംഭാവം ഒരു നഗരത്തെ മുഴുവൻ വെള്ളത്തിനടിയിലാക്കുകയാണ്.