പറങ്കിപ്പടയുടെ കപ്പിത്താന്‍റെ ഭക്ഷണശീലങ്ങൾ

Jaihind News Bureau
Tuesday, June 19, 2018

എണ്ണം പറഞ്ഞ മൂന്നുഗോളുകള്‍ …..സ്പാനിഷ് പ്രതിരോധത്തെ വിറപ്പിച്ച പ്രത്യാക്രമണങ്ങള്‍…..പറങ്കിപ്പടയെ കപ്പിത്താന്‍ മുന്നില്‍ നിന്ന് നയിച്ചു …..സ്പെയിനിെതിരെ ഇതുവരെ ഗോള്‍ നേടിയിട്ടില്ലെന്ന ചരിത്രവും പേറിയാണ് റൊണാള്‍ഡോ ഫിഷ്ട് സ്റ്റേഡിയത്തില്‍ ഇറങ്ങിയത്. ഹാട്രിക് നേട്ടത്തോടെ തുടര്‍ച്ചയായി എട്ടു രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ. നാലുലോകകപ്പുകളില്‍ ഗോള്‍ നേടുന്ന നാലാമനും.ലോകകപ്പില്‍ ഹാട്രിക്ക് അടിക്കുന്ന പ്രായംകൂടിയ താരമായി 33കാരന്‍ പോര്‍ച്ചുഗലിനെയല്ല ക്രിസ്റ്റ്യാനോയെ … ആളൊരു അതിമാനുഷികനാണ്.

തുടര്‍ച്ചയായി എട്ട് രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഗോളടിച്ച ലോക ഫുട്ബോള്‍‌ ചരിത്രത്തിലെ ഏകതാരത്തിന്റെ ഭക്ഷണശീലങ്ങൾ ഏതൊക്കെയെന്ന് നോക്കിയാലോ? റൊണാൾഡോയ്ക്കും ആകെമെല്ലിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഇപിഎൽ സീസണു മുൻപത്തെ   സിആർ7  അല്ല ഇപ്പോൾ കളിക്കളത്തിൽ. തന്റെ കരുത്തും സ്റ്റാമിനയും സ്പീഡും കൊണ്ട് എതിരാളികളെ വിറപ്പിക്കുന്നത് നമ്മൾ കണ്ടു കഴിഞ്ഞു. ഈ മസിലുകളൊന്നും ചുമ്മാകിട്ടിയതല്ല. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായമത്തിലൂടെയും ആർജിച്ചെടുത്തതാണ്.

റൊണാൾഡോ ഒരു ദിവസത്തിൽ ആറ് പ്രാവശ്യമാണ് ഭക്ഷണം  കഴിക്കുന്നത്. ഒരു ദിവസത്തിൽ രണ്ടു മുതൽ നാലു വരെ ഇടവേളകളിലായാണ് ഈ ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഡയറ്റീഷന്റെ നിർദേശപ്രകാരം പ്രോട്ടീൻ നിറഞ്ഞതും ഫാറ്റും ഷുഗറും കുറഞ്ഞതുമായ ഭക്ഷണമാണ്  കഴിക്കുന്നത്. പ്രോട്ടീൻ ഷെയ്ക്കിനൊപ്പം മാംസാഹാരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിനറൽസും വൈറ്റമിനുകളും നിറഞ്ഞ പച്ചക്കറികളും ഒഴിവാക്കാറില്ല.

ദിവസം ആരംഭിക്കുന്നതുതന്നെ ഫ്രൂട്ട് ജ്യൂസും മുട്ടയുടെ വെള്ളയും ധാന്യങ്ങളും നിറച്ച ആഹാരത്തിൽ നിന്നാണ്. തുടർന്ന് പാസ്ത, ധാരാളം പച്ചക്കറികൾ, ചിക്കനും സാലഡും നിറച്ച് ഉച്ചഭക്ഷണം. ട്യൂണ റോളും ലെമൺജ്യൂസുമാണ് വൈകിട്ടത്തെ ഇഷ്ടഭക്ഷണം. അത്താഴത്തിന്  സ്ട്രോങ് മെനുവാണ്, അരിയും പയറും, ചിക്കൻ അല്ലെങ്കിൽ ടർക്കി, ബീൻസ്, പഴങ്ങൾ എല്ലാം കാണും.

ലോകം മുഴുവൻ ആരാധികമാരുള്ള ഈ സൂപ്പർ ഹീറോയ്ക്ക് പക്ഷേ മധുരം അത്ര പ്രിയമല്ല. CR7 ഫുഡ് സീക്രട്ട്സ് ഇതെല്ലാമാണ്.  ഈ ആഹാരമെല്ലാം മുറതെറ്റാതെ കഴിച്ചാൽ മാത്രം പോരാ…കളിക്കളത്തിലെ കടുത്ത സമ്മർദ്ദത്തിലും തലയുയർത്തി നിൽക്കാൻ കരുത്തനാക്കിയ കഠിനാധ്വാനവും മാതൃകയാക്കണം.