ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തെ തെരഞ്ഞെടുക്കാനുള്ള അന്തിമ പട്ടികയായി; ലൂക്ക മോഡ്രിച്ച് പട്ടികയില്‍ ഇടം നേടിയില്ല

Jaihind News Bureau
Thursday, August 1, 2019

ഫിഫയുടെ ഏറ്റവും മികച്ച പുരുഷ ഫുട്ബോൾ താരത്തെ തെരഞ്ഞെടുക്കാനുള്ള ഫിഫയുടെ അന്തിമ പട്ടികയായി. 10 താരങ്ങളാണ് പട്ടികയിലുള്ളത്. അഞ്ച് തവണ വീതം പുരസ്‌കാരം നേടിയിട്ടുള്ള ലയണൽ മെസിയും ക്രിസ്റ്റിയാനോ റൊണാൾഡോയും ഇക്കുറിയും പട്ടികയിൽ ഇടംപിടിച്ചു. എന്നാൽ കഴിഞ്ഞ തവണ മികച്ച ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെട്ട ക്രയേഷ്യൻ താരം ലൂക്ക മോഡ്രിച്ച് ഇത്തവണ പട്ടികയിലില്ല.

ഹോളണ്ടിൽ നിന്നുള്ള മൂന്ന് കളിക്കാർ ഇത്തവണ ആദ്യ പത്തിൽ ഇടം നേടിയതും ശ്രദ്ധേയമായി. ലിവർപൂൾ പ്രതിരോധനിര താരം വിർജിൽ വാൻ ഡിക്്, യുവന്റ്സ് താരം മത്യാസ്് ഡി ലിറ്റ്, ബാഴ്സലോണ താരം ഫ്രാങ്ക് ഡി യോംഗ് എന്നിവരാണ് ഹോളണ്ടിൽ നിന്നുള്ള താരങ്ങൾ. റയാൽ മാഡ്രിഡിന്റെ ബെൽജിയം താരം എയ്ഡൻ ഹസാർഡ് ടോട്ടനത്തിന്റെയും ഇംഗ്ലണ്ടിന്റെയും നായകൻ ഹാരി കെയ്ൻ, ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ, ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ, ഈജിപ്റ്റ് സൂപ്പർ താരം മുഹമ്മദ് സല എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റു താരങ്ങൾ.

മികച്ച പരിശീലകരുടെ പട്ടികയിൽ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ലിവർപൂളിന്‍റെ പരിശീലകൻ യുർഗൻ ക്ലോപ്പാണ് മുൻപന്തിയിൽ. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള, ബ്രസീൽ പരിശീലകൻ, ടിറ്റെ, ടോട്ടനം പരിശീലകൻ മൗറീസിയോ പോച്ചെറ്റിനോ, അയാക്സ് പരിശീലകൻ എറിക് ടെൻഹാഗ്, പോർചുഗൽ പരിശീലകൻ ഫെർണാണ്ടോ സാന്റോസ്, ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് എന്നിവരാണ് മറ്റു പ്രമുഖർ.

മികച്ച വനിതാ താരങ്ങളുടെ പട്ടികയിൽ അമേരിക്കൻ സൂപ്പർ താരം മെഗാൻ റാപിനോയാണ് മുൻപന്തിയിൽ. റാപിനോയ്ക്ക് ഒപ്പം അമേരിക്കയുടെ തന്നെ അലക്സ് മോർഗൻ, റോസ് ലവലെ, ജൂലി എർട്സ് എന്നിവരും ഇടംനേടിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ബാലൺ ഡി യോർ ജേതാവ് അദാ ഹെർഗബെർഗ്, വിവിയനെ മിയദമെ, സാം കെർ എന്നിവരാണ് പട്ടികയിലെ മറ്റു പ്രമുഖർ.