കൊവിഡ് കാലത്തും ധൂര്‍ത്ത് തുടര്‍ന്ന് സര്‍ക്കാര്‍; പെരിയ കേസിലെ അഭിഭാഷകര്‍ക്ക് തുക അനുവദിച്ചു, തുക നല്‍കിയത് ബിസിനസ് ക്ലാസ് വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടല്‍ താമസത്തിനും

Jaihind News Bureau
Wednesday, April 29, 2020

 

കൊവിഡ് കാലത്തും ധൂര്‍ത്ത് തുടരുന്ന് സര്‍ക്കാര്‍. പെരിയ ഇരട്ടകൊലക്കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ ഹാജരായ അഭിഭാഷകര്‍ക്ക് തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. അതേസമയം  സര്‍ക്കാര്‍ ഉത്തരവില്‍ തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല.

സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ മനീന്ദര്‍ സിങ്ങും സഹായിയായ പ്രഭാസ് ബജാജും നവംബര്‍ 12,16 തീയതികളില്‍ ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് ബിസിനസ് ക്ലാസില്‍ നടത്തിയ വിമാനയാത്രയുടേയും ആഢംബര ഹോട്ടലില്‍ താമസിച്ചതിന്റേയും ചെലവാണ് അനുവദിച്ചിരിക്കുന്നത്.

പെരിയ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്നു വാദിക്കാന്‍ ഡല്‍ഹിയില്‍ നിന്നെത്തുന്ന അഭിഭാഷകന് ഒറ്റത്തവണ ഹാജരാകുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതും നേരത്തെ വിവാദമായിരുന്നു. മുന്‍ സോളിസിറ്റര്‍ ജനറലും സീനിയര്‍ അഭിഭാഷകനുമായ രഞ്ജിത്ത് കുമാറിനാണ് 25 ലക്ഷം രൂപ അനുവദിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.   മുൻപ് ഷുഹൈബ് കൊലക്കേസ് സിബിഐക്കു വിടുന്നതിനെതിരെ വാദിക്കാൻ 50 ലക്ഷം രൂപ മുടക്കി സർക്കാർ അഭിഭാഷകനെ ഇറക്കുമതി ചെയ്തതും വിവാദമായിരുന്നു.