അബ്രഹാമിന്‍റെ സന്തതികള്‍ അന്യഭാഷകളിലേക്ക്

Jaihind News Bureau
Thursday, July 5, 2018

കേരളത്തിൽ ഹിറ്റായി ഓടികൊണ്ടിരിക്കുന്ന അബ്രഹാമിന്റെ സന്തതികൾ അന്യഭാഷകളിലേക്കും എത്തിക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ. ഹിന്ദി ഡബ്ബിംഗ് അവകാശം മുംബൈയിലെ പ്രമുഖ കമ്പനിയ്ക്ക് വിറ്റതായി നിർമാതാക്കൾ വ്യക്തമാക്കി.

മമ്മൂട്ടി യുഗം അവസാനിച്ചെന്ന് പറഞ്ഞവരുടെ മുഖത്തേറ്റ ഇരുട്ടടിയാണ് അബ്രഹാമിന്റെ സന്തതികളുടെ വിജയം. സിനിമയെന്ന മേഖലയിലെ യാത്രയിൽ ഉയർച്ചയും താഴ്ചയും സ്വാഭാവികം മാത്രമാണ്. എന്നാൽ മമ്മൂട്ടി എന്ന നടനെ കളിയാക്കിയും അധിക്ഷേപിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അവർക്കെല്ലാം ഉള്ള മറുപടിയാണ് അബ്രഹാമിന്‍റെ സന്തതികളുടെ വിജയം.

കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ചിത്രം യു.എ.ഇ, ജി.സിസി അടക്കുമുള്ള ഗൾഫ് മേഖലകളിലേക്ക് എത്തിയത്. അവിടെ വലിയ സ്വീകരണം തന്നെയായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. കേരളത്തിലെത്തി ഒരാഴ്ച കൂടി കഴിഞ്ഞിട്ടാണ് സംസ്ഥാനത്തിന് പുറത്തേക്ക് സിനിമ റിലീസ് ചെയ്തിരുന്നത്.

ജൂൺ 22 ന് തമിഴ്നാട്ടിലേക്ക് എത്തിയ സിനിമ തുടക്കം തന്നെ മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 33.48 ലക്ഷം രൂപ സിനിമ നേടിയെന്നാണ് റിപ്പോർട്ടുകൾ. തെലുങ്ക്, തമിഴ്, കന്നഡ എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് ഡബ്ബ്, റീമേക്ക് അവകാശങ്ങൾ വിൽക്കുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.