ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് ആശ്വാസത്തിന്റെ പരിധിക്കുള്ളിൽ. ജലസംഭരണിയിലേക്കുള്ള നീരൊഴുക്കു കുറയുകയും ജലനിരപ്പ് 2398.50 അടിക്ക് താഴെയെത്തുകയും ചെയ്തതോടെ ഇടുക്കി, ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും.
തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകുന്നതിനാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പും നിയന്ത്രണത്തിലായി. മൂന്ന് ഷട്ടറുകൾ തുറന്നിട്ടും ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിക്ക് അടുത്തുതന്നെയാണ്. ഇടുക്കിയിൽ ഇന്നലെ വൈകിട്ട് ആറിന് 2398.58 അടിയായി താഴ്ന്ന ജലനിരപ്പ് ഇന്നു രാവിലെയോടെ 2398 അടിയിലെത്തി. ഇടുക്കി വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച രാവിലെ വരെയുള്ള കണക്ക് പ്രകാരം 25 മി.മീ. മഴ മാത്രമാണ് ലഭിച്ചത്.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം രാവിലെ ആറിന് 135.20 അടിയായിരുന്നു. ശക്തമായ മഴയും നീരൊഴുക്കുമുണ്ടെങ്കിലും തമിഴ്നാട് വൈദ്യുതി ഉൽപാദനം കൂട്ടിയതിനാലാണ് ജലനിരപ്പ് ഉയരാത്തത്.
ഇടമലയാർ അണക്കെട്ടിലെ വെള്ളമാണ് വൈദ്യുതി ബോർഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കൂടിയും കുറഞ്ഞും നിൽക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12-ന് രണ്ടാമത്തെ ഷട്ടർ തുറന്നെങ്കിലും നീരൊഴുക്ക് കുറയാത്തതിനാൽ മൂന്നു മണിക്കൂറിന് ശേഷം മൂന്നാമത്തെ ഷട്ടറും തുറന്നു. രാത്രി വൈകി നാലാമത്തെ ഷട്ടറും തുറന്നിരുന്നു.