ഇടുക്കി അണക്കെട്ടിന്‍റെ ഗുരുതര ചലന വ്യതിയാനം : വൈദ്യുതി ബോർഡിന് വീഴ്ച പറ്റി

Jaihind Webdesk
Monday, September 3, 2018

ഇടുക്കി അണക്കെട്ടിന്‍റെ ഗുരുതര ചലന വ്യതിയാനം കെ.എസ്.ഇ.ബി നേരത്തെ അറിഞ്ഞിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഡാം സുരക്ഷാ കമ്മറ്റിയുടെ ശുപാർശ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തി. വിദഗ്ദ്ധ പരിശോധനക്ക് തീരുമാനിച്ചെങ്കിലും നടപ്പാക്കുന്നതിൽ വൈദ്യുതി ബോർഡിന് വീഴ്ച പറ്റിയെന്നും ബോധ്യമായി.

ഇടുക്കി അണക്കെട്ടിന് ചലന വ്യതിയാന തകരാറുള്ളതായി കണ്ടെത്തിയിരിക്കെ വിദേശ സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ പരിശോധന നടത്തിയേക്കും. ഇതിന് ആലോചിക്കുന്നതായി വൈദ്യുതി ബോർഡ് ഗവേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. കാനഡ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ദ്ധരെയാകും ഇതിനു പരിഗണിക്കുക എന്നാണ് സൂചന. ഇടുക്കി അണക്കെട്ടിന്‍റെ രൂപകൽപനക്ക് വിപരീതമായി ആർച്ച് ഡാമിന് ചലന വ്യതിയാനം സംഭവിക്കാത്തത് 2008ൽ കണ്ടെത്തുകയും ഇക്കാര്യം സംസ്ഥാന സർക്കാർ കേന്ദ്ര ഡാം സുരക്ഷ കമ്മറ്റിയെ രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് പഠനം നടത്താൻ ഡാം സുരക്ഷാ കമ്മറ്റി ശുപാർശ ചെയ്തു.

2008 ഡിസം.12 ന് ഡൽഹിയിൽ ചേർന്ന ഡാം സുരക്ഷാ കമ്മറ്റിയിൽ കെ.എസ്.ഇ.ബി ഗവേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ട് വിശദ ചർച്ച ചെയ്ത ശേഷമായിരുന്നു ഇത്. യോഗത്തിൽ അന്നത്തെ ചീഫ് എഞ്ചിനീയർ കെ.കെ.കറുപ്പൻ കുട്ടിയാണ് വൈദ്യുതി ബോർഡിനെ പ്രതിനിധാനം ചെയ്തത്. അമേരിക്കൻ കമ്പനിയായ ക്വസ്റ്റ് ഇൻഡസ്ട്രീസിന്‍റെ സാങ്കേതിക സഹായത്തോടെ പഠനം നടത്താൻ സർക്കാൻ തീരുമാനിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. കമ്പനി വലിയ തുക ആവശ്യപെട്ടെന്ന പേരിലായിരുന്നു പരിശോധന മാറ്റി വച്ചത്. അവരുടെ സോഫ്റ്റ് വെയർ ഉപയോഗിച്ച് കെ.എസ്.ഇ.ബി എഞ്ചിനീയർമാരെ തന്നെ പഠനം നടത്തുന്ന കാര്യം പരിഗണിച്ചു. ഇതിൽ തീരുമാനമായെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം നടന്നില്ല. ജലനിരപ് ഉയരുന്നതനുസരിച്ച് അണക്കെട്ടിൽ വികാസം സംഭവിക്കുകയും ജലനിരപ്പ് കുറയ്‌മ്പോൾ പൂർവ സ്ഥിതിയിൽ എത്തുകയും വേണം. എന്നാൽ അപ്‌ സ്ട്രീമിൽ മാത്രം വ്യതിയാനം ഉണ്ടാകുന്നുണ്ടെങ്കിലും ഡൗൺ സ്ട്രീമിൽ വ്യതിയാനം ഉണ്ടാകുന്നില്ല. ഇക്കാര്യം ജയ്ഹിന്ദ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. 1976 ൽ കമ്മീഷൻ ചെയ്ത ഡാം കനേഡിയൻ കമ്പനിയായ എസ്.എൻ.സിയാണ് രൂപകൽപന ചെയ്തത്.

https://www.youtube.com/watch?v=ezBUEQjpHmk